photo

ചേർത്തല: ലോക്ഡൗൺ ഏർപ്പെടുത്തിയ ആദ്യ ദിവസത്തിൽ 4 കേസുകളെടുത്തു.ശക്തീശ്വരം കവലയിൽ ഹോട്ടൽ തുറന്ന് ഭക്ഷണം നൽകിയതിന് ഒരു കേസും ദേശീയ പാതയിൽ രണ്ടുപേരിൽ കൂടുതൽ വച്ച് വാഹനം ഓടിച്ചതിന് ഓരോ കേസും എടുത്തു.144 നിലവിൽ വന്നതോടെ സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നതിന് അനുവദിക്കുമെങ്കിലും ഡ്രൈവറും ഒരാളും മാത്രമേ വണ്ടിയിൽ പാടുള്ളു. 4 പേർ വരെ പോയ വാഹനത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തത്.ഇന്നലെ രാവിലെ നഗരത്തിലും തീരമേഖലയിലും തുറന്ന കടകൾ പൊലീസ് ഇടപെട്ട് അടപ്പിച്ചു. ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. ദേശീയപാതയിൽ മാരാരിക്കുളത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നത് രാത്രിയിലും തുടർന്നു. റോഡിൽ ബാരിക്കേഡ് കൊണ്ടു തടഞ്ഞാണ് പരിശോധന.

നിരാേധനാജ്ഞയെ തുടർന്ന് പൊലീസ് ചേർത്തലയിൽ റൂട്ട് മാർച്ച് നടത്തി. ദേവിക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് കോടതിക്കവല, ഇരുമ്പുപാലം, മനോരമക്കവല, തെക്കേ അങ്ങാടി, പടയണിപ്പാലം, സ്വകാര്യ ബസ് സ്​റ്റാൻഡ്, സെന്റ് മേരീസ് പാലം, ഡിവൈ.എസ്. പി ഓഫിസ്, താലൂക്ക് ആശുപത്രി വഴി ചേർത്തല പൊലീസ് സ്​റ്റേഷനിൽ സമാപിച്ചു. ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, ഡിവൈ.എസ്.പി എ.ജി. ലാൽ എന്നിവർ നേതൃത്വം നൽകി.