ആലപ്പുഴ: ' ഒന്നുറക്കെ കരയാൻ കഴിഞ്ഞിരുന്നെങ്കിൽ...'തലയിൽ നിന്ന് ഹെൽമറ്റ് ഊരി, നെറ്രിയിലെ വിയർപ്പു കണങ്ങൾ തൂവാല കൊണ്ട് ഒപ്പുമ്പോൾ അയാൾ വിങ്ങിപ്പൊട്ടലിന്റെ വക്കോളമെത്തി.താടിക്ക് കൈകൊടുത്ത് നിർവികാരനായി തൊട്ടപ്പുറത്ത് അന്ധാളിച്ചു നിന്ന യുവാവിനോട് അയാൾ ചോദിച്ചു 'എപ്പോഴായിരുന്നു ?'.'ഒരു പത്തു മിനിട്ടായി കാണും' യുവാവിന്റെ മറുപടി.'ഒട്ടും പ്രതീക്ഷിച്ചില്ല'തണുപ്പൻ മട്ടിൽ പ്രതികരിച്ചപ്പോൾ അയാളുടെ ശബ്ദം ഇടറി. വീണ്ടും സ്കൂട്ടറിൽ കയറി സ്റ്റാർട്ടാക്കി, വണ്ടി നീങ്ങുന്നതിന് മുമ്പ് ദൈന്യഭാവത്തിൽ ഒന്നു തിരിഞ്ഞു നോക്കി-'കൺസ്യൂമർഫെഡ് വിദേശ മദ്യ ചില്ലറ വില്പനശാല' എന്ന നിറമുള്ള ബോർഡിന് താഴെ അടഞ്ഞ ഷട്ടർ.നോക്കുകുത്തി കണക്കെ നിശ്ചലനായി ഒരു സെക്യൂരിറ്റിയും.

ആലപ്പുഴ ജില്ലാ കോടതി പാലത്തിന് സമീപത്തെ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ചില്ലറ വില്പനശാലയ്ക്ക് മുന്നിൽ ഇന്നലെ രാവിലെ 11 മണിയോടടുത്ത് കണ്ട ദൃശ്യങ്ങളിൽ ഒന്നാണിത്.തൊട്ടു പിന്നാലെ മറ്റൊരു യുവാവ് സൈക്കിളിൽ ചവുട്ടിപാഞ്ഞു വന്നു.പകുതി സ്റ്റാൻഡിൽ സൈക്കിൾ നിർത്തിയ ശേഷം കൈയിൽ കരുതിയ തുണിസഞ്ചിയുമായി ഓടുകയാണ് ചില്ലറ വില്പനശാലയുടെ കൗണ്ടറിലേക്ക്.പരിസരം മറന്ന് ഓടിയ യുവാവിന് കൗണ്ടറിനടുത്തെത്തിയപ്പോഴാണ് പന്തികേട് മനസിലായത്.സെക്യൂരിറ്റിയോട് കാര്യം തിരക്കി.സംഭവം അറിഞ്ഞപ്പോൾ കരയുന്ന മട്ടിൽ സെക്യൂരിറ്റിയോട് ഒരു ചോദ്യം 'ചേട്ടാ എന്തെങ്കിലും ഒന്നഡ്ജസ്റ്ര് ചെയ്തു തരാമോ'.സെക്യൂരിറ്റി കൈമലർത്തിയതോടെ നിരാശനായി അയാളും മടങ്ങി.

ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും വില്പനശാലകളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തുമെന്ന സൂചന നേരത്തെ കിട്ടിയതിനാൽ അനുവദനീയമായ പരമാവധി സാധനം സ്റ്റോക്ക് ചെയ്യണമെന്ന ലക്ഷ്യത്തിലാണ് നല്ലൊരു ശതമാനം പേരും ഇന്നലെ എത്തിയത്.ബാറുകൾ വഴി ചില്ലറ വില്പന നടത്തുന്നത് പരിഗണിക്കുമെന്ന പ്രചാരണവും ഇതിനിടെ വന്നു. ഇന്നലെ ബെവ്കോ ഷോപ്പുകൾ തുറന്ന് ഏതാനും നിമിഷങ്ങൾ കഴിയും മുമ്പ് അടയ്ക്കാൻ നിർദ്ദേശം വന്നു. എന്നാൽ കൺസ്യൂമർഫെഡിന്റെ ഷോപ്പ് 10.30 വരെ പ്രവർത്തിച്ച ശേഷമാണ് ഷട്ടറിട്ടത്.മന്ത്രിസഭായോഗ തീരുമാനങ്ങൾ ചാനലുകളിൽ വരുംമുമ്പെ വീട്ടിൽ നിന്നിറങ്ങിയവർക്കാണ് പണികിട്ടിയത്.