കിലോഗ്രാമിന് 20 മുതൽ 30 രൂപയുടെ വർദ്ധന
ആലപ്പുഴ : വിലക്കയറ്റത്തിന് തടയിടുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ജില്ലയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. ഒരാഴ്ച്ചയ്ക്കിടെ കിലോഗ്രാമിന് 20 മുതൽ 30 രൂപയുടെ വരെ വർദ്ധനവാണ് വിവിധ ഇനം പച്ചക്കറികൾക്കുണ്ടായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി കുറഞ്ഞതിനാലാണ് വിലവർദ്ധനവെന്നാണ് വ്യാപാരികളുടെ പക്ഷം. വില തോന്നും പടി ആക്കിയതോടെ സാധാരണക്കാർ വലഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഭക്ഷ്യ ക്ഷാമം നേരിടുമോ എന്ന ഭയത്താൽ തർക്കത്തിന് നിൽക്കാതെ പറയുന്ന വില നൽകി സാധനം വാങ്ങുകയാണ് ഉപഭോക്താക്കൾ.
വിലവിവരം
ഇനം, കഴിഞ്ഞ ആഴ്ചയിലെ വില, ഇന്നലത്തെ വില (രൂപയിൽ)
ചെറിയ ഉള്ളി - 50 - 80
തക്കാളി - 15-30
പച്ചമുളക് - 50 - 70
കാരറ്റ് - 50 - 60
ബീൻസ് - 60 - 80
ഹോം ഡെലിവറിക്ക് പ്രിയം
സമ്പൂർണ ലോക്ക് ഡൗൺ വന്നതോടെ ഹോം ഡെലിവറികൾക്ക് പ്രിയമേറുകയാണ്. പച്ചക്കറി മുതൽ പലവ്യഞ്ജനങ്ങൾ വരെ വീട്ടു മുറ്റത്ത് എത്തിക്കുന്ന വിവിധ ഗ്രൂപ്പുകളും വ്യക്തികളും ജില്ലയിൽ സജീവമാണ്. ഹോം ഡെലിവറിക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ പുറത്തിറങ്ങി പൊലീസിനും കൊറോണയ്ക്കും പിടികൊടുക്കാതെ ഓൺലൈനിലും വാട്സപ്പിലും ഓർഡറുകൾ നൽകി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. മുൻകൂട്ടി പണം അടയ്ക്കാനും പേ ഓൺ ഡെലിവറിയും സാദ്ധ്യമാണ്. ഉപഭോക്താവിന്റെ വാട്സപ്പിലെത്തുന്ന വിലവിവരപ്പട്ടികയിൽ നിന്നും സാധനങ്ങൾ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം. ജില്ലയിലെ പച്ചക്കറി ഗ്രാമമായ കഞ്ഞിക്കുഴിയിലെ വാട്സപ്പ് കൂട്ടായ്മയായ വെജ് ടു ഹോമിന് ആലപ്പുഴ, എറണാകുളം ജില്ലകളിലായി രണ്ടായിരം ഉപഭോക്താക്കളുണ്ട്. ജൈവപച്ചക്കറി കൂടാതെ നാടൻ കോഴി, താറാവ്, കാട എന്നിവയും ലഭിക്കും.ഓർഡറുകൾക്കനുസരിച്ച് വിതരണം ചെയ്യുന്നതിന് അഞ്ചു സ്റ്റാഫുകളുമുണ്ട്.
.........
"ലോക്ക് ഡൗൺ ആയതോടെ ഓൺലൈൻ വ്യാപാരം വർദ്ധിച്ചു. കടയിൽ ആളുകൾ എത്തുന്നത് തീരെ കുറഞ്ഞു. വിലക്കില്ലാത്തതിനാൽ ജൈവ പച്ചക്കറികൾ സുഗമമായി ഓർഡറനുസരിച്ച് എത്തിക്കാൻ സാധിക്കുന്നു.''
ഭാഗ്യരാജ്,
വെജ് ടു ഹോം സംരംഭകൻ
...........