കർശന നടപടിയുമായി പൊലീസ്
ആലപ്പുഴ:കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ ജില്ലയിലെമ്പാടും കർക്കശമായ പരിശോധനയാണ് ഇന്നലെ പൊലീസ് നടത്തിയത്. നിരോധനാജ്ഞയുടെ 'കൗതുകക്കാഴ്ച" കാണാനെത്തിയ യുവാക്കൾക്ക് 'നല്ല പണി'യും പൊലീസ് കൊടുത്തു.രാവിലെ മുതൽ ജില്ലയിലെ എല്ലാ പ്രധാന നിരത്തുകളിലും പൊലീസ് ഉദ്യോഗസ്ഥർ നിരന്നു.ദേശീയപാതയിൽ ഒരു പൊലീസ് സ്റ്റേഷന്റെ പരിധിയിൽ തന്നെ രണ്ട് കേന്ദ്രങ്ങളിലായാണ് പരിശോധന നടത്തിയത്.
റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചായിരുന്നു പരിശോധന..ഒന്നിലധികം യാത്രികർ സഞ്ചരിച്ച ഇരുചക്രവാഹനങ്ങളും രണ്ടിലധികം പേർ സഞ്ചരിച്ച കാറുകളുമാണ് വിശദമായി പരിശോധിച്ചത്. നിയമാനുസൃതം എത്തിയ യാത്രക്കാരെ പരമാവധി ബുദ്ധിമുട്ടിക്കാതിരിക്കാനും പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധകാട്ടി.ദേശീയപാതയിൽ കായംകുളം,കരീലക്കുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ, പുന്നപ്ര, ആലപ്പുഴ, കഞ്ഞിക്കുഴി, ചേർത്തല, പട്ടണക്കാട്, കുത്തിയതോട്, അരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു പരിശോധന.വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്ക് പുറമെ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരും ഹോംഗാർഡുകളും പരിശോധനയിൽ പങ്കാളികളായി.
വധൂവരന്മാരും കുടുങ്ങി
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുകയായിരുന്ന വധൂവരന്മാരും പൊലീസ് പരിശോധനയിൽ കുടുങ്ങി.പാലക്കാട് മങ്കര സ്വദേശിയായ യുവാവിന്റെ വിവാഹം കൊല്ലത്തെ ഒരു ക്ഷേത്രത്തിലാണ് നടന്നത്. തുടർന്ന് ഇന്നോവ കാറിലാണ് വധൂവരന്മാരും അടുത്ത ബന്ധുക്കളും പാലക്കാട്ടേക്ക് യാത്ര തിരിച്ചത്.ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ പരിശോധന നടക്കുമ്പോഴാണ് ഇവരുടെ വാഹനം അവിടെ എത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചാൽ പാലിക്കേണ്ട കാര്യങ്ങൾ പൊലീസ് അവരെ പറഞ്ഞു മനസിലാക്കി. നവദമ്പതികൾ എന്ന പരിഗണന നൽകി വാഹനം പിടിച്ചെടുക്കാതെ വിട്ടെങ്കിലും ഡ്രൈവർക്കെതിരെ കേസെടുത്തു.
നിരീക്ഷണത്തിലിരുന്നയാൾ കുടുങ്ങി
സിംഗപ്പൂരിൽ നിന്നെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കാറിലെത്തിയപ്പോൾ പരിശോധനയിൽ കുടുങ്ങി.11 ദിവസമായി ഇയാൾ വീട്ടിൽ നിരീക്ഷണത്തിലാണ് .ഇന്നലെ ശാരീരികമായ അസ്വസ്ഥതകൾ തുടങ്ങിയതോടെയാണ് കാറിൽ സ്വയം ഡ്രൈവ് ചെയ്ത് ജനറൽ ആശുപത്രിയിലേക്ക് പോകാനായി വന്നത്. ഇത്തരം സന്ദർഭങ്ങളിൽ ആംബുലൻസിൽ വേണം സഞ്ചരിക്കേണ്ടതെന്ന് ഉപദേശിച്ച കളക്ടർ,ജനറൽ ആശുപത്രി വരെ പോകാൻ പ്രത്യേക അനുമതി നൽകി.
ജനറൽ ആശുപത്രി പരിസരത്തെ രണ്ട് മെഡിക്കൽ സ്റ്റോറുകളിൽ പതിവിൽ കവിഞ്ഞ ആൾക്കൂട്ടം കണ്ട കളക്ടർ അവിടെയും നിരീക്ഷണത്തിന് എത്തി.കൈകഴുകുന്നതിന് അടക്കമുള്ള സൗകര്യങ്ങൾ ഉടൻ ഏർപ്പെടുത്തിയില്ലെങ്കിൽ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
ജില്ലയിൽ 178 കേസുകൾ
ആലപ്പുഴ: ജില്ലയിൽ 144 പ്രഖ്യാപിച്ചിട്ടും നിയന്ത്റണങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ 178 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ സബ്ഡിവിഷനുകളായ കായംകുളത്ത് 40, ചെങ്ങന്നൂരിൽ 48, ആലപ്പുഴയിൽ 43, ചേർത്തലയിൽ 47 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. നിയന്ത്റണങ്ങൾ ലംഘിച്ച് ഇരുചക്ര വാഹനങ്ങളിലും സ്വകാര്യ കാറുകളിലും കൂടുതൽ ആളുകൾ യാത്ര ചെയ്തതിനാണ് കേസെടുത്തത്. നിയന്ത്റണങ്ങൾ ലംഘിച്ച് റോഡിൽ ഇറങ്ങുകയോ സത്യവാങ്മൂലം കള്ളമെന്ന് ബോദ്ധ്യപ്പെടുകയോ ചെയ്താവാഹനത്തിന്റെ രജിസ്‌ട്രേഷൻ, ഡ്രൈവറുടെ ലൈസൻസ് എന്നിവ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
301 കേസുകൾ ചൊവ്വാഴ്ച രജിസ്റ്റർ ചെയ്തിരുന്നു.