ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ മദ്യ നിരോധനം സ്ഥിരം മദ്യപന്മാരുടെ മാനസിക നിലയിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ചെറിയ കൈവിറയലിൽ തുടങ്ങി
പരിസരബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിയേക്കാം. ഇത് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകണമെന്ന് അധികൃതർ പറയുന്നു.
പെട്ടെന്ന് മദ്യം ലഭിക്കാതാവുന്നതോടെ സ്ഥിരം മദ്യപാനിയായ ഒരാൾ നേരിടുന്ന പ്രാഥമിക ബുദ്ധിമുട്ടുകളെയാണ് 'വിഡ്രോവൽ സിൻഡ്രം' എന്ന് വിളിക്കുന്നത്. കൈ വിറയൽ,
അമിതമായി വിയർക്കുക, പരവേശം, ഉറക്കക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ ഇത് അപകടരമായ അവസ്ഥയിലേക്ക് എത്തിയാൽ 'ഡെലിറിയം ട്രെമൻസ്" എന്ന് പറയും.
ഈ ഘട്ടത്തിൽ രോഗി കൂടുതൽ അക്രമകാരിയാകും. ഓർമ്മക്കുറവ്, ആളുകളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, മതിഭ്രമം, ഇറങ്ങി ഓടുക തുടങ്ങിയ അവസ്ഥകളിലേക്കും എത്താം.
തിരിച്ചറിയണം
മദ്യം കിട്ടാതാവുന്നതോടെ ഒരാളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ കൂടെയുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കണം. ചികിത്സ വൈകുംതോറും രോഗിയുടെ നില വഷളാകും. മദ്യത്തിന് അടിപ്പെടുന്നത് ദുശീലത്തെക്കാൾ ഉപരി രോഗമാണ്. മദ്യം തലച്ചോറിൽ വരുത്തിയ മാറ്റം മൂലമുണ്ടാകുന്ന അവസ്ഥയാണിതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ചികിത്സ വേണം
രണ്ടാഴ്ചത്തെ കിടത്തി ചികിത്സ അനിവാര്യമാണ്. രോഗിയുടെ കരളിന്റെ പരിശോധന ഉൾപ്പെടെ നടത്തണം.
സ്ഥിരം മദ്യപർക്ക് പെട്ടെന്ന് മദ്യം ഉപേക്ഷിക്കാൻ സാധിക്കില്ല. കടുത്ത മാനസിക പ്രശ്നത്തിലേക്ക് കടക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇത്തരക്കാർ മുൻകൂട്ടി മനോരോഗ വിദഗ്ദ്ധരെ കാണണം.
-ഡോ.ബി.പത്മകുമാർ
പ്രൊഫസർ, മെഡിക്കൽ കോളേജ്, ആലപ്പുഴ.