അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാല് അറ്റൻഡർമാർ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയെന്ന് പരാതി. ഇത് സംബന്ധിച്ച് ആശുപത്രിയിലെ വനിതാ സുരക്ഷാ ജീവനക്കാർ സൂപ്രണ്ടിന് പരാതി നൽകി.

വനിതാ സുരക്ഷാ ജീവനക്കാരുടെ വിശ്രമ മുറിക്ക് സമീപം അറ്റൻഡർമാരുടെ വിശ്രമ മുറിയിലായിരുന്നു സംഭവം. മദ്യപിച്ച 4 അംഗ സംഘം വനിതകളായ സുരക്ഷാ ജീവനക്കാർക്കും സമീപത്തെ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും മണിക്കൂറോളം ബുദ്ധിമുട്ടുണ്ടാക്കി . ഇത് ചോദ്യം ചെയ്ത വനിതാ സുരക്ഷാ ജീവനക്കാരോട് തങ്ങൾ പി .എസ്. സി സ്റ്റാഫാണെന്നും തങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞത്രെ. ഇതിൽ ഒരാൾ 2 മാസം മുൻപ് ഡ്യൂട്ടി സമയത്ത് വാർഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ സസ്പെൻഷനിലാകുകയും പിന്നീട് തിരിച്ചെത്തിയതുമായ ആളാണ്.