ആലപ്പുുഴ: ആലപ്പുഴ പുലയൻ വഴി മാർക്കറ്റിലെ തിരക്ക് നിയന്ത്രിക്കാനും ജനങ്ങളെ ഒരുമീറ്റർ അകലത്തിൽ നിറുത്താനുമായി മാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി.
കൊറോണയുടെ പശ്ചാത്തലത്തിൽ സമൂഹ അകലം പാലിക്കാൻ സർക്കാർ കർശന നിർദേശം നൽകിയെങ്കിലും ഇത് മാർക്കറ്റിൽ പാലിച്ചിരുന്നില്ല. ഈ വളയങ്ങളിൽ മാത്രമേ നിൽക്കാവൂ. മാർക്കറ്റിലേക്ക് അഞ്ചുപേരെ മാത്രം ഒരു സമയം പ്രവേശിപ്പിക്കും. സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം അഞ്ചുപേർ പ്രവേശിച്ചുകഴിഞ്ഞാൽ അവർ ഇറങ്ങുമ്പോൾ മാത്രം അടുത്ത അഞ്ചുപേരെ കയറ്റാനും നിർദ്ദേശം നൽകി. മാർക്കറ്റിലും പൊതു ഇടങ്ങളിലും പരസ്പരം അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവിഭാഗം ജീവനക്കാരും നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ ആർ.ഡി.ഒ, അമ്പലപ്പുഴ തഹസിൽദാർ, നഗരസഭാ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് കർശന നിർദ്ദേശവുമായെത്തിയത്. ജില്ലയിലെ ചില ആശുപത്രികളിലും ഇത്തരം ക്യൂ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. സാധനങ്ങൾ റോഡിലേക്ക് ഇറക്കരുതെന്നും കടകൾക്കുള്ളിൽ തന്നെ കച്ചവടം ചെയ്യണമെന്നും നിർദ്ദേശം നൽകി.