 താറാവുകൾക്ക് ആഹാരമെത്തിക്കാൻ കഴിയുന്നില്ല

 തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങി


ആലപ്പുഴ: പക്ഷിപ്പനിയും കൊറോണയും ചേർന്ന് ഇടം വലം വിടാതെ പിടിച്ചു നിറുത്തിയിരിക്കുന്നതിനാൽ ജില്ലയിലെ നാലുലക്ഷത്തോളം താറാവുകൾ 'പട്ടിണി'യിൽ. മങ്കൊമ്പ്, തകഴി, പച്ച, ചെക്കിടിക്കാട്, തായങ്കരി എന്നിവടങ്ങളിലാണ് താറാവുകൾ പാടശേഖരങ്ങളുടെ പുറംബണ്ടുകളിലുള്ള താത്കാലിക കൂടുകളിൽ കൃത്യമായി ആഹാരമോ വെള്ളമോ കിട്ടാതെ നരകിക്കുന്നത്.

നിരോധനം മൂലം തൊഴിലാളികൾക്കും ഉടമകൾക്കും എത്തിപ്പെടാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ താറാവിനെ തീറ്റാനും കഴിയുന്നില്ല. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പൊലീസിന്റെ പരിശോധന കർക്കശമായതും ചിലയിടങ്ങളിൽ തൊഴിലാളികൾ ജോലി ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയതും കർഷകരെ കണ്ണീരിലാഴ്ത്തുന്നു. തൊഴിലാളികൾ കൂടുകളുടെ സമീപം ചെറിയ ഷെഡ് കെട്ടിയാണ് താമിസിക്കുന്നത്. ഭക്ഷണം അടുത്തുള്ള കടകളിൽ നിന്നോ താറാവ് ഉടമകൾ എത്തിച്ചു നൽകുകയോ ആയിരുന്നു പതിവ്. ഇപ്പോൾ കടകൾ തുറക്കുന്നില്ല.ഭക്ഷണവുമായി എത്തുന്ന ഉടമകളുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞ് മടക്കി അയയ്ക്കുന്നു. ഇതോടെ വെള്ളം പോലും കിട്ടാത്ത അവസ്ഥ ആയപ്പോഴാണ് തൊഴിലാളികൾ സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്. കൃത്യസമയത്ത് ആഹാരം കിട്ടിയില്ലെങ്കിൽ താറാവുകൾ കൂട്ടത്തോടെ ചത്തോടുങ്ങുമോ എന്ന ആശങ്കിയിലാണ് ഉടമകൾ.

.........................................

 കൂടുകളിലുള്ളത് 50 മുതൽ 65 ദിവസം വരെ പ്രായമുള്ള താറാവുകൾ

 ഒരുദിവസം പ്രായമുള്ള താറാവിന് ഹാച്ചറി വില 23 രൂപ

 ഇതുവരെ ഒരു താറാവിനു ചെലവായത് 250 രൂപ

 10,000 താറാവുകളെ പരിചരിക്കാൻ വേണ്ടത് മൂന്ന് തൊഴിലാളികൾ

.......................................

# കൂട്ടമരണം?

പക്ഷിപ്പനിയും പ്ളേഗും പോലെയുള്ള രോഗങ്ങളാണ് താറാവുകളിൽ അടുത്തിടെ വ്യാപകമായത്. മരുന്നുകൾ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ കൂട്ടത്തോടെ ചത്തോടുങ്ങാനും സാദ്ധ്യതയുണ്ട്. മൃഗസംരക്ഷണ വകുപ്പ് മുൻകാലങ്ങളിൽ മരുന്ന് സൗജന്യമായി നൽകിയിരുന്നു. ഇത്തവണ കൂടിയ വിലയ്ക്ക് പ്രതിരോധ മരുന്നുകൾ കർഷകർ നേരിട്ടുവാങ്ങുകയാണ്.

# തീറ്റയില്ല

കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളുടെ ഉടമകൾക്ക് നിശ്ചിത തുക കൊടുത്താണ് രണ്ട് മാസത്തോളം ഇവയെ പാടത്ത് തീറ്റുന്നത്. ഇത്തവണയും ഉടമകൾക്ക് പണം നൽകിയെങ്കിലും താറാവുകത്തെ പാടത്തിറക്കാൻ കഴിയുന്നില്ല. ചെമ്മീൻ തോടും പനയുടെ ഉൾഭാഗത്തെ തടയും തീറ്റയായി നൽകുമായിരുന്നു. ഗതാഗതം ഇല്ലാതായതോടെ ഇവ ശേഖരിക്കാൻ കഴിയാത്ത അവസ്ഥയണ്. കിലോയ്ക്ക് 23 രൂപ നിരക്കിൽ അരി വാങ്ങിക്കൊടുക്കേണ്ട അവസ്ഥയാണിപ്പോൾ.

....................................

താറാവുകളെ ബാധിക്കുന്ന റൈമറല്ല രോഗത്തിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് വാക്സിനുകൾ മെഡിക്കൽ സ്റ്റോറിലോ ഓപ്പൺ മാർക്കറ്റിലോ ലഭ്യമാക്കണം. രോഗമുണ്ടാകുമ്പോൾ പ്രാദേശിക മൃഗാശുപത്രിയിലെത്തിക്കും. ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള വാക്സിനുകൾ പാലോട്ടുള്ള വാക്സിൻ നിർമ്മാണ യൂണിറ്റിൽ അറിയിച്ചാൽ 15 മുതൽ 20 വരെ ദിവസത്തിനുള്ളിൽ മാത്രമേ ലഭിക്കൂ. ഈ കാലയളവിൽ താറാവുകൾ ചത്തുപോകും. വാക്സിനുകൾ സമയബന്ധിതമായി നൽകാൻ വകുപ്പ് അധികൃതർ തയ്യാറാകണം

(അഡ്വ. ബി.രാജശേഖരൻ, പ്രസിഡന്റ്, ജില്ലാ താറാവ് കർഷക സംഘം)

..........................................

മിണ്ടാപ്രാണികൾക്ക് തീറ്റ നൽകാൻ പോലും അനുവദിക്കാത്ത ഉദ്യോഗസ്ഥരുടെ സമീപനം ആശങ്കയുണ്ടാക്കുന്നു. 10,000 താറാവിന് ഇപ്പോഴത്തെ അവസ്ഥയിൽ പ്രതിദിനം തീറ്റയും മരുന്നും തൊഴിലാളികളുടെ ശമ്പളവും ഉൾപ്പെടെ 20,000 രൂപ വേണ്ടിവരും. വാഹന പരിശോധനയിൽ താറാവു കർഷകർക്ക് ഇളവ് അനുവദിക്കണം

(ജോഷി, താറാവ് കർഷകൻ നെടുമുടി)