 നടപടികൾ കടുപ്പിച്ച് പൊലീസ്

ആലപ്പുഴ: നിരോധനാജ്ഞയുടെ പശ്ചത്തലത്തിൽ ജില്ലയിൽ പൊലീസ് നടപടികൾ കർശനമായി.

കഴിഞ്ഞ രണ്ട് ദിവസം ബോധവത്കരണവും താക്കീതും മുന്നറിയിപ്പും നൽകിയ പൊലീസ് ഇന്നലെ നിലപാട് കടുപ്പിക്കുകയായിരുന്നു. ഇത്രയൊക്കെയായിട്ടും 'സ്ഥിതിഗതികൾ' നേരിട്ടു കാണാൻ നിരത്തിലിറങ്ങുന്നവർ വല്ലാത്ത ശല്യമായി മാറിയിരിക്കുകയാണെന്നും അനുസരണക്കേട് തുടർന്നാൽ അകത്താക്കുമെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ദേശീയപാതയിലും സംസ്ഥാന പാതയിലും മറ്റ് പ്രധാന പാതകളിലുമാണ് വാഹന പരിശോധന നടക്കുന്നത്. സർക്കാർ നിയന്ത്രണവും നിർദേശവും ലംഘിച്ച നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമെതിരെ കേസ് എടുത്തു. ഓരോ സ്റ്റേഷൻ അതിർത്തിയിലും ഒന്നിലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. സത്യവാങ് മൂലം നൽകി കടന്നു പോകാൻ ശ്രമിക്കുന്നവർക്ക് പൊലീസ് മുന്നറിയിപ്പും നൽകുന്നുണ്ട്. സർക്കാർ ജീവനക്കാരെയും മാദ്ധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരെയും തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ കടത്തിവിട്ടു.

അത്യാവശ്യമില്ലാതെ അവസരം ദുർവിനിയോഗം ചെയ്തവരുടെയും ഒന്നിലധികം തവണ കടന്നുപോകാൻ ശ്രമിച്ചവരുടെയും വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്ത് കേസ് ആക്കി.കൊറോണ സമൂഹ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് സർക്കാർ പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും പൊതു ഇടങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇട റോഡുകളിലൂടെയും മറ്റ് പൊതു നിരത്തുകളിലൂടെയും സഞ്ചരിക്കുന്നവർ ഏറെയുണ്ട്. അസാധാരണ സാഹചര്യം നിലനിൽക്കെ സാധാരണമെന്ന പോലെയുള്ള പെരുമാറ്റം തുടരുന്നതിനാലാണ് നടപടികൾ ശക്തമാക്കിയത്.

 196 കേസുകൾ, 202 അറസ്റ്റ്

ജില്ലയിൽ ഇന്നലെ വൈകിട്ട് 4 വരെ പൊലീസ് നടത്തിയ പരിശോധനയിൽ 196 കേസുകൾ രജിസ്റ്റർ ചെയ്തു. 202 പേരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

പിടിച്ചെടുത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനും വാഹനം ഓടിച്ചയാളുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ആലപ്പുഴ സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റോഡരികിൽ യാതൊരു ആവശ്യവുമില്ലാതെ നിന്നിരുന്ന 112 യുവാക്കൾക്ക് എതിരെ 1897ലെ സാംക്രമിക രോഗനിവാരണ നിയമം അനുസരിച്ച് കേസെടുത്തു. വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് 23 പേർക്കെതിരെയും ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് രണ്ട് പേർക്കെതിരെയും സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തതിന് 64 പേർക്കെതിരെയും കേസെടുത്തു. പരിശോധന കർശനമായി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു.