കായംകുളം: മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള കമ്മ്യൂണിറ്റി ഹോട്ടൽ ഇന്നു കായംകുളത്ത് പ്രവർത്തനം ആരംഭിക്കും.
ഭക്ഷണം കിട്ടാൻ യാതൊരു മാർഗ്ഗവും ഇല്ലാത്തവർക്കാണ് നഗരസഭാ വാർഡുകളിൽ ചുമതലയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭക്ഷണപ്പൊതികൾ വീട്ടിലെത്തിക്കുന്നത്. വൈകുന്നേരത്തെ ഭക്ഷണത്തിനുള്ള സാധനങ്ങളും എത്തിക്കും. ഭക്ഷണം തയ്യാറാക്കാനുള്ള കമ്മ്യൂണിറ്റി ഹോട്ടലുകൾ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
രോഗബാധിതരായി കിടക്കുന്നവരിൽ മരുന്ന് വാങ്ങാൻ കഴിയാത്തവർക്ക് സൗജന്യമായി മരുന്ന് താലൂക്ക് ആശുപത്രി വഴി വിതരണം ചെയ്യും. ഇതിനായി ആശുപത്രിയിൽ വരേണ്ടവർക്ക് നഗരസഭ വാഹനം വിട്ടുനൽകും.

അനാഥർക്ക് നഗരസഭ താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 44 വാർഡുകളിലും മോണിറ്ററിംഗ് കമ്മറ്റി അടിയന്തിരമായി ചേരണം. വാർഡുകളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ, സർവ്വേ, ഭക്ഷണപ്പൊതി വിതരണം, കൈകഴുകാനുള്ള സൗകര്യം എന്നിവ ഉറപ്പുവരുത്താൻ ജനപ്രതിനിധികളും പൊതുജനങ്ങളും നേതൃത്വപരമായി ഇടപെടണമെന്നും ചെയർമാൻ പറഞ്ഞു.