അടുത്തമാസം കൊണ്ട് 80 ശതമാനം നെല്ല് സംഭരിക്കും
ആലപ്പുഴ: കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും 1200 ലോഡ് നെല്ല് 10 ദിവസത്തിനകം സംഭരിച്ച് നീക്കാൻ കളക്ടറേറ്റിൽ മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന, മന്ത്റിമാരുടെ ഉന്നതതല യോഗത്തിൽ തീരുമാനം. അടുത്ത മാസത്തോടെ 80 ശതമാനം നെല്ലും സംഭരിക്കും. മേയ് പതിനഞ്ചോടെ സംഭരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ജില്ലയിൽ ഇപ്പോൾ 300 ഓളം കൊയ്ത്ത് യന്ത്റങ്ങൾ ഉണ്ട്. യന്ത്രങ്ങളുടെ കാര്യത്തിൽ കുറവ് വരില്ലെന്ന് കരാറുകാർ ഉറപ്പ് നൽകി. നെല്ലു സംഭരണത്തിന് ലോറിയുടെയും ഡ്രൈവർമാരുടെയും കുറവ് പരിഹരിക്കും. ലോറിയുടെ അപര്യാപ്തത ഉണ്ടായാൽ മില്ലുടമകൾ കളക്ടറെ അറിയിക്കണം. മില്ലുടമകൾ നെല്ല് സംഭരിക്കാൻ ഏതെങ്കിലും വിധത്തിൽ താമസം വരുത്തിയാൽ, നെല്ല് സർക്കാർ കണ്ടെത്തുന്ന ഗോഡൗണുകളിലേക്ക് മാറ്റും. കർഷകന് ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടാകില്ല. യോഗത്തിലെ തീരുമാനങ്ങൾ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് ബാധകമായിരിക്കും. യോഗ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം കളക്ടർമാർക്കായിരിക്കും. ജില്ലയിൽ പ്രശ്നങ്ങളുള്ള പാടശേഖരങ്ങളിലെ സംഭരണം പൂർത്തിയായതായി മന്ത്റി പി.തിലോത്തമൻ ചൂണ്ടിക്കാട്ടി. നെല്ലുസംഭരണത്തിൽ ഇനി വിഷയങ്ങളൊന്നും ഉണ്ടാവില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വ്യക്തമാക്കി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കളക്ടർ എം.അഞ്ജന, പ്രതിപക്ഷ നേതാവിന്റെ പ്രതിനിധി ജോൺ തോമസ്, എ.എസ്.പി. ബി.കൃഷ്ണകുമാർ, മില്ലുടമകളുടെ പ്രതിനിധി, കൃഷി വകുപ്പ്, സപ്ലൈകോ, ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഡ്രൈവർമാർക്ക് പ്രോട്ടോകോൾ
കൊറോണ പ്രതിരോധ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ നെല്ല് സംഭരണത്തിന് നിയോഗിക്കുന്ന കയറ്റിറക്ക് തൊഴിലാളികൾക്കും ലോറി ഡ്രൈവർമാർക്കും കൊയ്ത്ത് യന്ത്റത്തിന്റെ ഡ്രൈവർമാർക്കും പ്രത്യേക പ്രോട്ടോകോൾ പൊലീസിന്റെ സഹകരണത്തോടെ കളക്ടർ തയ്യാറാക്കും.
......................................
തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും
പരസ്പരം പാലിക്കേണ്ട അകലം സംബന്ധിച്ച് കൃത്യമായ നിർദ്ദേശം തയ്യാറാക്കും
ഡ്രൈവർമാർ, കൊയ്ത്ത് യന്ത്റം ഓടിക്കുന്നവർ, റിപ്പയർ തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവർക്കെല്ലാം നിർദ്ദേശങ്ങൾ ബാധകം
ലോറികളിൽ ലോഡ് കൊണ്ടുവരുമ്പോഴും കൊയ്ത്തുയന്ത്റം നീക്കുമ്പോഴും ഡ്രൈവർമാർക്കും തൊഴിലാളികൾക്കും പാസ് നൽകും. ഇതിന്റെ മേൽനോട്ടം ജില്ലാ ഭരണകൂടം പൊലീസുമായി ചേർന്ന് നിർവഹിക്കും.
വാഹനങ്ങൾ വഴിയിൽ തടയാതിരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്
ലോറികളിൽ നെല്ല് സംഭരണം എന്ന ബോർഡ് വയ്ക്കും