കായംകുളം: ഹെൽമറ്റ് ധരിക്കാതെ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന കായംകുളം നഗരസഭ ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അഡ്വ.എൻ. ശിവദാസന് കായംകുളം പൊലീസിന്റെ വക പിഴശിക്ഷ.

നഗരസഭ കൗൺസിലിൽ പങ്കെടുക്കാൻ കെ.പി റോഡിലൂടെ ഹെൽമെറ്റും മാസ്കും ധരിക്കാതെ എത്തിയ ചെയർമാനെ പാർക്ക് ജംഗ്ഷനിൽ സി.ഐയും സംഘവും തടഞ്ഞു നിറുത്തി. മാസ്ക് ധരിക്കേണ്ട ആവശ്യകതയെപ്പറ്റി ബോധവത്കരിക്കുന്നതിനിടെ, മാസ്ക് ധരിക്കണമെന്ന് സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നായിരുന്നു ചെയർമാന്റെ പക്ഷം. തുടർന്നാണ് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കണമെന്ന് സിഐ നിർദ്ദേശിച്ചത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി ചെയർമാൻ 500 രൂപാ പിഴ അടച്ചു.