കായംകുളം: പാമ്പുകടിയേറ്റ് അബോധാവസ്ഥയിലായ അന്യസംസ്ഥാന തൊഴിലാളിയെ ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ പൊലീസെത്തി ആശുപത്രിയലെത്തിച്ചു. കായംകുളം ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിലെ എ.എസ്.ഐ. എസ്.അനിൽകുമാർ, സി.പി.ഒ. ഉസ്‌കർ എന്നിവരാണ് തൊഴിലാളിയായ ശിവംകുമാറിനെ (26) ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പുല്ലുകുളങ്ങരയ്ക്ക് വടക്കുവശത്തുള്ള താമസസ്ഥലത്തുവച്ചാണ് പാമ്പുകടിയേറ്റത്. സഹായിക്കാൻ ആരും തയ്യാറാകാതിരുന്നതോടെ തിരുവനന്തപുരത്തെ പൊലീസ് കോൾസെന്ററിൽ ആരോ വിവരമറിയിച്ചു. തുടർന്ന് കായംകുളം രണ്ടാംകുറ്റി ഭാഗത്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസ് പാഞ്ഞെത്തിയപ്പോഴേക്കും ശിവംകുമാർ അബോധാവസ്ഥയിലായി.
പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോകുംവഴി ആംബുലൻസ് എത്തി. തുടർന്ന് ആംബുലൻസിലേക്ക് മാറ്റികായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.