ആലപ്പുഴ: കൊറോണ പടരുന്ന സാഹചര്യത്തിൽ അവശ്യ സർവീസിൽ ഉൾപ്പെട്ടതിനാൽ ജോലിസ്ഥലത്തേയ്ക്ക് യാത്രചെയ്യുന്ന ജീവനക്കാരെ തടഞ്ഞു നിർത്തി ആക്ഷേപിക്കുന്ന സംഭവങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതായി കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. രേഖകൾ കാണിച്ചു ബോദ്ധ്യപ്പെടുത്തിയിട്ടും ആരോഗ്യ വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ പോലും തിരിച്ചയക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പൊലീസിനെ കയറൂരി വിടുന്നതിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അവശ്യ സർവീസിലെ ജീവനക്കാർക്ക് സർക്കാർ യാത്രാ സൗകര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എം.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.എസ്.സന്തോഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഡി.രാജൻ, കെ.ആർ.ശ്യാംലാൽ, പി.വേണു, ഇല്ലത്ത് ശ്രീകുമാർ, ബി.വിജയകുമാർ, ജിജിമോൻ പൂത്തറ, ഇ.ഷാജി, കെ.ഭരതൻ, ബി.ചന്ദ്രൻ, പി.എസ്.സുനിൽ,കെ.ടി.സാരഥി, എം.അഭയകുമാർ, ആർ.ശ്രീജിത്ത്, അഞ്ജു ജഗദീഷ്, എസ്.വിനീത, റാഷിദ തുടങ്ങിയവർ സംസാരിച്ചു.