റോഡിലെ പൊലീസ് സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തുറവൂർ: ദേശീയപാതയിൽ പട്ടണക്കാട് പൊലീസ് സ്റ്റേഷന് മുൻവശം നിയന്ത്രണം തെറ്റിയ പാചക വാതക ടാങ്കർ പാഞ്ഞുകയറി സൈക്കിൾ യാത്രക്കാരനും സ്കൂട്ടർ യാത്രികനും മരിച്ചു. തൊട്ടടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം ലോറി പാഞ്ഞു വരുന്നത് കണ്ട് ഒഴിഞ്ഞു മാറിയതോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇവിടെ പരിശോധനയ്ക്ക് വിധേനയനാവുകയായിരുന്ന, ബൈക്ക് യാത്രികനായ യുവാവിന്റെ ഭാര്യയ്ക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു.
പട്ടണക്കാട് പഞ്ചായത്ത് 11-ാം വാർഡ് മേനാശേരി പുളിംപറമ്പിൽ അപ്പച്ചൻ (72), ചെല്ലാനം കുരിശിങ്കൽ സോളമന്റെ മകൻ ജോയി (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരിയായ, തുറവൂർ ആലയ്ക്കാപറമ്പ് ഓലിക്കര നികർത്ത് ലിജോയുടെ ഭാര്യ ജാൻസിയെ (28) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുടെ ഡ്രൈവർ തമിഴ്നാട് കടലൂർ സ്വദേശി മണവാളനെതിരെ (43) പട്ടണക്കാട് പൊലീസ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം.
മംഗലാപുരത്തു നിന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതകവും കയറ്റി കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി. പൊന്നാംവെളി മാർക്കറ്റിൽ നിന്നു പലചരക്കു സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന അപ്പച്ചന്റെ സൈക്കിളിലാണ് ആദ്യം ഇടിച്ചത്. തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങി അപ്പച്ചൻ തത്ക്ഷണം മരിച്ചു. തുടർന്ന് മുന്നിൽ പോകുകയായിരുന്ന ജോയിയുടെ സ്കൂട്ടറിൽ ഇടിച്ചു. അടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി കുറച്ചു മുന്നോട്ടു നീങ്ങി. പട്ടണക്കാട് എച്ച്.എസ്.ഒ എസ്. രൂപേഷ് രാജും സംഘവും വാഹന പരിശോധനയുടെ ഭാഗമായി, ലിജോയുടെ സത്യപ്രസ്താവന നോക്കുന്നതിനിടെയാണ് ലോറി പാഞ്ഞു വന്നത്. സംഘം ഓടിമാറിയെങ്കിലും ലോറി ബൈക്കിന് പിന്നിൽ തട്ടി വീണാണ് ലിജോയുടെ ഭാര്യ ജാൻസിയ്ക്ക് പരിക്കേറ്റത്. ലിജോയും ഇവരുടെ മകൾ അന്നയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡരികിലെ താഴ്ചയിലേക്ക് മറിയാതെ ലോറി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഗുരുതര പരിക്കേറ്റ ജോയിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ശാന്തയ്ക്ക് മരുന്ന് വാങ്ങാൻ ചേർത്തലയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. ജോയിയുടെ മക്കൾ: സുമ, സേവ്യർ, ഷൈജ. മരുമക്കൾ: സെബിൻ, മഞ്ജു, ഷൈജൻ. അപ്പച്ചന്റെ ഭാര്യ: ശാന്ത, മക്കൾ: അഭിലാഷ്,അനുപമ. മരുമക്കൾ: റസിയ, അരുൺ.