ഹരിപ്പാട്: മണ്ഡലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തദ്ദേശ സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തണം. എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അറിയിക്കണമെന്ന് നഗരസഭ അദ്ധ്യക്ഷയോടും പഞ്ചായത്ത്‌ പ്രസിഡന്റുമാരോടും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിർമ്മാണം പൂർത്തീകരിച്ച സ്വകാര്യ ആശുപത്രിയും പ്രവർത്തനം ഇല്ലാതെ കിടക്കുന്ന ഒരു ഹോട്ടലും അത്യാവശ്യ ഘട്ടം വന്നാൽ രോഗികൾക്ക് വേണ്ടി ഉപയോഗിക്കാൻ തയ്യാറാക്കിയിട്ടുണ്ട്. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണം. സാമൂഹിക അകലം എന്ന കൊറോണ പ്രതിരോധ മുദ്രാവാക്യം എല്ലാവരും പാലിക്കണം.

മഴയുടെ പേരിൽ അപ്പർ കുട്ടനാട്ടിലെ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ലിന് അമിത കിഴിവ് ഏർപ്പെടുത്തുന്നുവെന്ന കർഷകരുടെ പരാതിക്ക് പരിഹാരം കാണാൻ കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു. കരുവാറ്റ, വീയപുരം, ചെറുതന പാടശേഖരങ്ങളിൽ കൊയ്ത്തു യന്ത്രം ലഭ്യമാക്കാൻ പൊലീസ് മനപൂർവം തടസം സൃഷ്ടിക്കുന്നത് ഒഴിവാക്കണം. കൃഷി അവശ്യ സർവീസായി പരിഗണിച്ചതിന്റെ ഗൗരവം വകുപ്പ് തല ഉദ്യോഗസ്ഥർ ഉൾക്കൊള്ളണം. കൊയ്ത്തു യന്ത്രത്തിന്റെ ഓപ്പറേറ്റർമാർ, ഹെൽപ്പർമാർ, ഇതര തൊഴിലാളികൾ ഇവരെല്ലാം കൊറോണ പ്രോട്ടോകോൾ പാലിച്ചു ജോലി ചെയ്യണം. അവശ്യ സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പും വില വർദ്ധനവും നിയന്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് കാര്യക്ഷമമായി ഇടപെടണം.

 ഓഫീസുമായി ബന്ധപ്പെടാം

പൊതുജനങ്ങൾക്ക് ഏതെങ്കിലും ഘട്ടത്തിൽ സഹായം ആവശ്യമായി വന്നാൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസുമായി ബന്ധപ്പെടാം. ചെറുതനയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജല അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർക്കു നിർദ്ദേശം നൽകി. താലൂക്ക് ആശുപത്രിയിൽ ഇൻസുലിൻ തീർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിഹാരം കാണാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായും രമേശ്‌ ചെന്നിത്തല അറിയിച്ചു.