അമ്പലപ്പുഴ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കുള്ള ഉച്ചഭക്ഷണ വിതരണം ലോക് ഡൗൺ പശ്ചാത്തലത്തിൽ അമ്പലപ്പുഴ ഏരിയ കമ്മിറ്റിയും ചേതന പാലിയേറ്റിവ് കെയർ സൊസൈറ്റിയും ഏറ്റെടുത്തു.

പൊതി ഒഴിവാക്കി ഭക്ഷണം പാചകം ചെയ്തുകൊണ്ടുവന്ന് പാത്രങ്ങളിൽ വിതരണം ചെയ്യും. ഡി.വൈ.എഫ്.ഐ പ്രവർത്തകർ 1000 ദിവസത്തിലേറെയായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതി നൽകിയിരുന്നു. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നു പൊതി ശേഖരിച്ചാണ് ആശുപത്രി വളപ്പിൽ വച്ച് വിതരണം ചെയ്തിരുന്നത്. വിവിധ വീടുകളിൽ നിന്നു പല ആളുകൾ പൊതികൾ ശേഖരിക്കുമ്പോൾ രോഗം പകരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് താത്കാലികമായി ഭക്ഷണപ്പൊതി വിതരണം അവസാനിപ്പിച്ചത്.

ഹോട്ടലുകളിലും മറ്റും ഭക്ഷണ വിതരണത്തിന് നിയന്ത്രണമുള്ളതിനാൽ ദൂരദേശങ്ങളിൽ നിന്നുള്ളവരും ബന്ധുക്കൾ ഇല്ലാത്തവരുമായ രോഗികൾ ഭക്ഷണത്തിനായി ഏറെ വലയുകയാണ്. ഈ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്ത് നൽകാൻ തീരുമാനിച്ചത്. ആവശ്യക്കാരുടെ സാഹചര്യം പരിഗണിച്ച് മുൻഗണന നിശ്ചയിച്ചാണ് നൽകുന്നത്. ഒരു മീറ്റർ അകലം പാലിച്ച് നിറുത്തിയാണ് വിതരണം.