ചേർത്തല: ചേർത്തല സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി 20 രൂപയ്ക്ക് ഊണ് നൽകുന്ന പദ്ധതി നാളെ തുടങ്ങും. ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് കിഴക്ക് സാന്ത്വനം ആസ്ഥാനത്തെ അടുക്കളയിൽ തയ്യാറാക്കുന്ന ഊണ് 20 രൂപയ്ക്കാണ് നൽകുക. ആവശ്യക്കാർ തലേദിവസം രാത്രി 8ന് മുമ്പ് 9288508340, 9496332722 നമ്പറുകളിൽ വിളിച്ച് ബുക്കുചെയ്യണം.
ദിവസേന പകൽ 11.30 മുതൽ 12.30 വരെയാണ് സാന്ത്വനം ആസ്ഥാനത്ത് ഭക്ഷണപ്പൊതി വിതരണം. പാത്രവുമായി എത്തുന്നവർക്ക് അതിലും നൽകും. കൊറോണ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ കുടുംബങ്ങൾക്ക് ആവശ്യമെങ്കിൽ മൂന്നുനേരം ഭക്ഷണം വീട്ടിലെത്തിക്കാനും പദ്ധതിയുണ്ടെന്ന് സാന്ത്വനം പ്രസിഡന്റ് കെ. രാജപ്പൻനായരും സെക്രട്ടറി പി.എം. പ്രവീണും അറിയിച്ചു. ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെയും 300ൽപ്പരം കുടുംബങ്ങൾക്ക് സൗജന്യമായി ഉച്ചഭക്ഷണം വീട്ടിലെത്തിക്കുന്ന 'വിശപ്പുരഹിത ചേർത്തല' പദ്ധതി സാന്ത്വനം രണ്ടു വർഷത്തിലധികമായി തുടരുന്നുണ്ട്.