മാവേലിക്കര- താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർ ജി.മിനിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെയ്‌പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിനുമായാണ് പരിശോധനകൾ നടത്തിയത്. പലചരക്ക്, പലവ്യഞ്ജനം, പച്ചക്കറി എന്നിവ വിൽപ്പന നടത്തുന്ന 21 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കല്ലുമലയിൽ പ്രവർത്തിക്കുന്ന ബുബ്ലൂ വെജിറ്റബിൾസ്, പുതിയകാവ് ബ്ലോക്ക് ഓഫീസിന് സമീപമുള്ള പച്ചക്കറിക്കട എന്നിവക്കെതിരെ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നടപടിക്ക് ശുപാർശ ചെയ്തു. റേഷനിംഗ് ഇൻസ്‌പെക്ടറുമാരായ എ.മുജീബ്‌ഖാൻ, ജി.ഗിരീഷ്, കെ.ആർ.വിജയകുമാർ, സ്മിത.എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും അമിത വില ഈടാക്കുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.