 അവശ്യസാധനങ്ങളുടെ ഓൺലൈൻ സർവ്വീസുമായി സ്നേഹജാലകം

ആലപ്പുഴ: പ്രളയാനന്തരം പാതിരപ്പള്ളിയിലെ സ്‌നേഹജാലകം ജനകീയ ഭക്ഷണശാല കൊറോണക്കാലത്തും ജനകീയ ഇടപെടലുമായി രംഗത്ത്. അവശ്യ സാധനങ്ങളും മരുന്നുകളും ഓർഡർ അനുസരിച്ച് വാങ്ങി വീടുകളിൽ എത്തിക്കാനായി ഓൺലൈൻ സൗജന്യ സർവീസാണ് സ്‌നേഹജാലകം ആരംഭിച്ചിരിക്കുന്നത്.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ എട്ടു മുതൽ 15 വരെയുള്ള വാർഡുകളിലും ആര്യാട് ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളുമാണ് സ്നേഹജാലകത്തിന്റെ പരിധി. വാട്ട്‌സാപ്പ് പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ സർവീസീന് കേന്ദ്രീകൃതമായ കാൾസെന്ററും ഡെലിവറി ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. സ്‌നേഹജാലകം വാർഡ് സമിതികളും യൂണിറ്റ് സമിതികളും അവരുടെ പരിധിയിലുള്ള കുടുംബങ്ങളിലെ അവശ്യവസ്തുക്കളുടെ ലിസ്റ്റ്, ആവശ്യക്കാരന്റെ ഫോൺ നമ്പർ എന്നിവ ഈ കേന്ദ്രീകൃത നമ്പറിലേക്ക് അയയ്ക്കണം. ആവശ്യക്കാർക്ക് നേരിട്ടും ബന്ധപ്പെടാം. ഫോൺ നമ്പരിലേക്ക് ആരും വിളിക്കേണ്ടതില്ല. തങ്ങളുടെ ആവശ്യം ഓഡിയോ ക്ലിപ്പ് ആയോ, എഴുതിയ ലിസ്റ്റിന്റെ ഫോട്ടോ എടുത്തോ, ടൈപ്പ് ചെയ്‌തോ അയയ്ക്കണം. കാൾ സെന്ററുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വോളണ്ടിയർ അവരെ തിരികെ വിളിച്ച് സാധനം ലഭ്യമാകുന്ന സമയവും എത്തിക്കേണ്ട സ്ഥലവും സംസാരിച്ച് ഉറപ്പു വരുത്തും.

ഓരോ ദിവസത്തെയും ഓർഡർ വൈകിട്ട് 3 വരെ ലഭ്യമാക്കും. വാർഡ് കമ്മിറ്റി നിർദ്ദേശിക്കുന്നിടത്ത് സാധനങ്ങളുടെ ബിൽ സഹിതം എത്തിക്കും. വാർഡ് വോളണ്ടിയർ അല്ലെങ്കിൽ യൂണിറ്റ് വോളണ്ടിയർ സാധനങ്ങൾ അതത് വീടുകളിൽ എത്തിക്കും. കൈമാറുന്ന സമയത്ത് ബിൽ പ്രകാരമുള്ള തുക നൽകണം. ആദ്യദിവസമായ ബുധനാഴ്ച തന്നെ നൂറോളം കുടുംബങ്ങൾക്കാണ് സ്‌നേഹജാലകം സഹായം എത്തിച്ചത്. പ്രളയകാലത്ത് സ്നേഹജാലകം പ്രവർത്തകർ നടത്തിയ ജനകീയ ഇടപെടൽ ഏറെ മാതൃകാപരമായിരുന്നു.

സംഘടനയുടെ പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് ക്രമേണ വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് ജയൻ തോമസ്, സെക്രട്ടറി സജിത്ത് രാജ് എന്നിവർ അറിയിച്ചു. ഫോൺ: 93834161 53