ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്നവർക്കും തെരുവിൽ അലയുന്നവർക്കും അഗതി തൊഴിലാളികൾക്കും സൗജന്യ ഭക്ഷണം 'കാരുണ്യ നഗരം സമൂഹ അടുക്കള' വഴി നൽകാൻ നഗരസഭ തീരുമാനിച്ചു.

ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാൻകൊറോണ വാർഡ് കോ ഓർഡിനേറ്റർമാരെ ചുമതലപ്പെടുത്തും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക സർക്കാർ അംഗീകാരം പ്രതീക്ഷിച്ച് ഒരു മാസത്തേക്ക് ഒഴിവാക്കാൻ തീരുമാനിച്ചു. ഇത് മറ്റുള്ള കെട്ടിട ഉടമകളും ഈ മാതൃകയാക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. നഗരം മുഴുവൻ അണുവിമുക്തമാക്കാനായി വിദഗ്ദ്ധ പരിശീലനം ലഭിച്ച 20 തൊഴിലാളികളെ നിയോഗിച്ചു. നഗരത്തിലെ സന്നദ്ധ സംഘടനകൾ, വ്യാപാരി സമൂഹം, റോട്ടറി ക്ലബ്ബുകൾ, ലയൺസ് ക്ലബ്ബുകൾ എന്നിവരുടെ സഹായത്തോടെ ഭക്ഷ്യ വിഭവങ്ങൾ സമാഹരിക്കും. ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സി.ജ്യോതിമോൾ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാഖ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി. മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു കളരിക്കൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ മോളി ജേക്കബ്ബ്, പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്ണണൻ തുടങ്ങിയവർ പങ്കെടുത്തു.