ആലപ്പുഴ: അമിത വില ഈടാക്കിയതിന് അമ്പലപ്പുഴ താലൂക്ക് സപ്ളൈസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 185 കിലോ ചുവന്നുള്ളി പിടിച്ചെടുത്തു. താലൂക്കിൽ നടത്തിയ പരിശോധനയിൽ 16 കടകൾക്ക് എതിരെ കേസ് എടുത്തു. ജില്ലാക്കോടതി, ഇരുമ്പുപാലം എന്നിവിടങ്ങളിലുള്ള പച്ചക്കറി കടകളിൽ നിന്നാണ് ഉള്ളി പിടിച്ചെടുത്തത്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നിത്യോപയോഗ സാധനങ്ങൾക്ക് പൊതുവിപണിയിൽ അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെയ്പ്പും തടയാൻ സിവിൽ സപ്ളൈസ് വകുപ്പ് പരിശോധന കൂടുതൽ ശക്തമാക്കി. പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ എ.സലിം, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ റെയ്‌നോൾഡ്, ഷാഹിന അബ്ദുല്ല, ഷമീർ,സുരേഷ് എന്നിവർ നേതൃത്വം നൽകി.