 ഉത്തരവ് 'കേരളകൗമുദി' വാർത്തയെത്തുടർന്ന്

ചേർത്തല: ജില്ലയിലെ വില്ലേജ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്നത്, ഇന്നുമുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിറുത്തി വച്ചുകൊണ്ട് കളക്ടറുടെ ഉത്തരവ്. കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ വില്ലേജ് ഓഫീസുകളിലെ ആശയക്കുഴപ്പം സംബന്ധിച്ച് കഴിഞ്ഞ ദിവസം 'കേരളകൗമുദി' പ്രസിദ്ധീകരിച്ച അടിസ്ഥാനത്തിലാണ് കളക്ടർ ഇടപെട്ടത്.

എന്നാൽ ഓൺലൈൻ മുഖേനയുള്ള സേവനങ്ങളിൽ വീഴ്ച വരുത്താൻ പാടില്ല. വില്ലേജ് ഓഫീസ് തുറന്ന് പ്രവർത്തിക്കേണ്ടെങ്കിലും കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അടിയന്തിര ഘട്ടങ്ങളിൽ തഹസിൽദാർമാരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കണം. 23ന് സർക്കാർ ഇറക്കിയ കൊറോണ സുരക്ഷ ഉത്തരവിൽ അവ്യക്തത ഉണ്ടായതിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ വില്ലേജ് ഓഫീസ് ജീവനക്കാർ എന്തു ചെയ്യണമെന്നറിയാതെ വട്ടം ചുറ്റുകയായിരുന്നു. മാസ്കുകളോ ഹാൻഡ് വാഷുകളോ ഹാൻഡ് റബ്ബുകളോ വില്ലേജ് ഓഫീസുകളിൽ ലഭ്യമാക്കിയിരുന്നില്ല. തൂവാലകൾ മാത്രമായിരുന്നു ജീവനക്കാരുടെ പ്രതിരോധ സാമഗ്രി. ആൾക്കൂട്ടം ഉണ്ടാകരുതെന്ന നിർദ്ദേശം നിലനിൽക്കുന്നതിനാൽ കരം അടയ്ക്കാൻ ഉൾപ്പെടെ എത്തുവന്നവരെ സുരക്ഷയുടെ പേരിൽ തിരിച്ചയയ്ക്കേണ്ട സ്ഥിതിയായിരുന്നു.