t

ആലപ്പുഴ: കുടുംബത്തോടൊപ്പം ചെലവഴിച്ചുകൊണ്ടുള്ള പൊതുപ്രവർത്തനം...! എത്ര നല്ല സുന്ദരമായ നടക്കാത്ത സ്വപ്നം എന്നുമാത്രമേ ഇങ്ങനൊരു ആശയത്തെപ്പറ്റി പൊതുപ്രവർത്തകർക്കു കഴിഞ്ഞ ദിവസം വരെ പറയാനുണ്ടായിരുന്നുള്ളൂ. പക്ഷേ, കൊറോണ സകല സങ്കല്പങ്ങളേയും മാറ്റിമറിച്ചു കളഞ്ഞു.

കുഞ്ഞുകുട്ടി പരാധീനങ്ങൾക്കൊപ്പം നാടറിയുന്ന, നാടിനെ അറിയുന്ന നമ്മുടെ പൊതുപ്രവർത്തകരും സ്വന്തം കൂരയ്ക്കുള്ളിലായി. അച്ഛനമ്മമാർക്കും ഭാര്യയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ചെലവഴിക്കാൻ ഓരോരുത്തർക്കും കിട്ടുന്നുണ്ട്, ആഗ്രഹിച്ചതിലേറെ സമയം! എന്നിരുന്നാലും സ്വന്തം ഉത്തരവാദിത്വങ്ങൾ മുറുകെ പിടിച്ച് വീട്ടിലിരുന്നും അല്പസ്വല്പം പുറത്തിറങ്ങിയും പൊതുപ്രവർത്തനം തുടരുകയാണ് എല്ലാവരും.

..........................................

 ഏകോപനം വീട്ടിലിരുന്ന്: ആർ.രാജേഷ് എം.എൽ.എ

പരമാവധി സമയം വീട്ടിലിരുന്നാണ് സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് മാവേലിക്കര എം.എൽ.എ ആർ.രാജേഷ് പറയുന്നു. കളക്ടർ മുതൽ സി.ഡി.എസ് ചെയർപേഴ്സൺ വരെ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുണ്ട്. ഇതിലൂടെയാണ് പ്രവ‌ർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മണ്ഡലത്തിൽ എല്ലായിടത്തും കമ്മ്യൂണിറ്റി കിച്ചൺ സ്ഥാപിക്കാൻ സാധിച്ചു. അപൂ‌വമായാണ് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത്. ഏകോപനങ്ങൾക്ക് ശേഷം ലഭിക്കുന്ന സമയം വായനയ്ക്കായി പ്രയോജനപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്തംഗം കൂടിയായ ഭാര്യ രമ്യയ്ക്കും മക്കളായ ഭഗത്തിനും നെരുദയ്ക്കുെമൊപ്പം ചെലവിടാൻ കൂടുതൽ സമയം ലഭിക്കുന്നു.

...................................

 പ്രവർത്തനം നവമാദ്ധ്യമങ്ങളിലൂടെ: എം.ലിജു (ഡി.സി.സി പ്രസിഡന്റ്)

വീട്ടിലാണെങ്കിലും സംഘടനാ പ്രവർത്തനങ്ങൾക്ക് കോട്ടം തട്ടുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറയുന്നു. വാട്സാപ്പ് വഴിയാണ് പ്രവർത്തനം. പാർട്ടി ഘടകങ്ങളുടെ വോളണ്ടിയർ പ്രവർത്തനം ഉൾപ്പെടെ ഏകോപിപ്പിക്കാനും മാർഗനിർദേശങ്ങൾ നൽകാനും നവമാദ്ധ്യമങ്ങളാണ് ആശ്രയം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ദിവസവും 150 മണ്ഡലം കമ്മിറ്റികളുമായി സംവദിക്കുന്നുണ്ട്. ഇത്ര നാളും സമൂഹവുമായി ബന്ധപ്പെട്ട് ജീവിച്ചതിനാൽ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളു. ഒരുപാട് നാളുകൾക്ക് ശേഷം കുടുംബവുമായി ഒന്നിച്ചിരിക്കാൻ സമയം ലഭിച്ചതാണ് സന്തോഷം. കയർബോർഡ് ജീവനക്കാരിയായ ഭാര്യ അമ്പിളിക്കും മക്കളായ കല്യാണിക്കും മീനാക്ഷിക്കുമൊപ്പം വീട്ടിൽ തന്നെയാണ് ഭൂരിഭാഗം സമയവും.

.................................................

 കുടിശിക തീ‌ർപ്പാക്കുന്നു: ആ‌ർ.നാസ‌ർ (സി.പി.എം ജില്ലാ സെക്രട്ടറി)

സമയക്കുറവ് മൂലം ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ കുടിശിക സഹിതം തീർപ്പാക്കാൻ കിട്ടിയ സമയമാണ് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറിന് ലോക് ഡൗൺ കാലം. മാറ്റിവെച്ച പുസ്തകങ്ങൾ വീണ്ടും കൈകളിലെത്തി. പറമ്പിലെ വാഴക്കൃഷിയും തെങ്ങ് കൃഷിയും ഉഷാറായി. വ്യായാമത്തിന് കൂടുതൽ സമയം ലഭിച്ചു. ഫോണിലൂടെ എല്ലാവരുമായി ബന്ധപ്പെടുന്നുണ്ട്. വാട്സാപ്പിലും ഫേസ്ബുക്കിലുമാണ് വിവരങ്ങളും നിർദ്ദേശങ്ങളും കൈമാറുന്നത്. കയർഫെഡ് ജീവനക്കാരിയായ ഭാര്യ ഷീലയും മക്കളായ നി‌ർവണും ഐശ്വര്യയും മരുമകൾ സ്മിതയും കൊച്ചുമകൻ അയാനും ഒപ്പമുണ്ട്.

....................................

 സദാ സേവനസജ്ജം: എം.വി.ഗോപകുമാ‌ർ ( ബി.ജെ.പി ജില്ലാ പ്രസിഡന്റ്)

ലോക് ഡൗണിന്റെ ആദ്യ ദിനം ശുചീകരണ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറയുന്നു. തുട‌ർന്നുള്ള ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ സേവാഭാരതി ഭക്ഷണപ്പൊതികൾ എത്തിക്കുന്ന പ്രവർത്തനങ്ങളെ വീട്ടിലിരുന്ന് ഏകോപിപ്പിക്കുകയാണ്. എല്ലാ വൈകുന്നേരങ്ങളിലും പ്രവർത്തന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് അയയ്ക്കണം. നിയമം അനുസരിച്ച് വീട്ടിലിരുന്നിട്ടും പ്രവർത്തനങ്ങൾക്ക് സമയം തികയുന്നില്ല. കൊറോണ പ്രതിരോധ പ്രവർത്തനത്തിനുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. ഒഴിവു കിട്ടുന്ന സമയം കൃഷിക്കായി വിനിയോഗിക്കുന്നുമുണ്ട്.

............................

തയ്യാറാക്കിയത്: സിത്താര സിദ്ധകുമാർ