ആലപ്പുഴ:കൊറോണയുടെ പശ്ചാത്തലത്തിൽ വിവിധ ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കാൻ
എം.പി മാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എ.കെ. ആന്റണി, വയലാർ രവി എന്നിവർ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായം ജില്ലാ ഭരണകൂടത്തിന് കൈമാറി.
എ.കെ.ആന്റണി 2.18 കോടിയും വയലാർ രവി ഒരു കോടിയും കൊടിക്കുന്നിൽ സുരേഷ് 60 ലക്ഷവുമാണ് കൈമാറിയത്. എ.എം ആരിഫ് 58.7 ലക്ഷം രൂപ നൽകും. ഇതിൽ ആംബുലൻസുകൾക്കുള്ള 21 ലക്ഷം രൂപ കൈമാറി. ജില്ലയിലെ വിവിധ ആശുപത്രികളിൽ കൊറോണ പ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനായി ഈ തുക ഉപയോഗിക്കും. ചേർത്തല, തുറവൂർ താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രികളിലേക്കാണ് എ.കെ.ആന്റണി പണം നൽകിയത്. ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ തുക ഉപയോഗിക്കണം. ഇ.സി.ജി മെഷീൻ, മൾട്ടി പാരമോണിറ്റർ തുടങ്ങിയ സംവിധാനങ്ങൾക്കും തുക അനുവദിച്ചിട്ടുണ്ട്.
രണ്ട് ആംബുലൻസുകൾ, മൂന്ന് വെന്റിലേറ്ററുകൾ, ജനറേറ്ററുകൾ, കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് രണ്ട് വെന്റിലേറ്ററുകൾ എന്നിവയ്ക്കാണ് എ.എം. ആരിഫ് പണം അനുവദിക്കുക. ചെങ്ങന്നൂർ, മാവേലിക്കര, പുളിങ്കുന്ന് ആശുപത്രികളിലേക്ക് രണ്ടുവീതം വെന്റിലേറ്റർ വാങ്ങാനാണ് കൊടിക്കുന്നിൽ സുരേഷ് പണം നൽകിയത്. മെഡിക്കൽ കോളേജിലേക്ക് ഒരു കോടി രൂപയുടെ സഹായമാണ് വയലാർ രവി നൽകിയത്. 50 ലക്ഷം രൂപ വീതം ആരിഫ് കരുനാഗപ്പള്ളിയിലും വയലാർ രവി കോട്ടയത്തും നൽകിയിട്ടുണ്ട്.