ആലപ്പുഴ:വിഷുവിന് മുന്നോടിയായുള്ള കണിവെള്ളരി കൊയ്ത്തിൽ കണ്ണുനട്ട് കാത്തിരിപ്പായിരുന്നു കർഷകനായ വി.പി.സുനിൽ.ഒത്തു കിട്ടിയാൽ 30,000 ത്തോളം രൂപ പോക്കറ്റിൽ വീഴേണ്ടതാണ്.പക്ഷെ വഴിമാറാതെ കൊറോണ നിന്നാൽ കാര്യങ്ങൾ കൈവിടും.
ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിലെ മായിത്തറ വാർഡിലുള്ള കൃഷിയിടത്തിൽ 2000 വെള്ളരിയാണ് വിളവെടുപ്പിന് പാകത്തിലുള്ളത്.60,000 ത്തോളം രൂപ വിറ്റു കിട്ടേണ്ടതാണ്.അതിൽ പകുതി ലാഭം.പക്ഷെ വാങ്ങാൻ കച്ചവടക്കാരെത്തിയില്ലെങ്കിൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് സുനിൽ.വെള്ളരി മാത്രമല്ല, കൃഷിയിടത്തിലെ മറ്റ് 11 ഓളം പച്ചക്കറികളുടെ വില്പനയെയും പ്രതിസന്ധി ബാധിച്ചേക്കാം.കഴിഞ്ഞ വിഷുവിന് ഒരു ലക്ഷം രൂപയുടെ വെള്ളരിയാണ് വിറ്റത്.സ്വന്തമായി 10 സെന്റ് സ്ഥലം മാത്രമുള്ള സുനിൽ പാട്ടത്തിനെടുത്താണ് 10 ഏക്കറിൽ കൃഷി ചെയ്യുന്നത്. കുറെ കൃഷിയിടം സുഹൃത്തുക്കൾ സൗജന്യമായി നൽകി.മൂന്നേക്കറിൽ തണ്ണിമത്തൻ.6000 കിലോ ഇതിനകം വിറ്റു.ഇനി 2000 കിലോ കൂടി വിൽക്കാനാവും.ചീര, പാവൽ പടവലം, പയർ, വെണ്ട, തക്കാളി,മത്തൻ, പപ്പായ,പച്ചമുളക് തുടങ്ങിയവയാണ് മറ്റു കൃഷികൾ.50 സെന്റ് സ്ഥലത്ത് കറിവേപ്പിലയും നട്ടു.വൈദ്യുതി കണക്‌ഷൻ ഉള്ള സ്ഥലമെങ്കിൽ ഏക്കറിന് പ്രതിമാസം 1000 രൂപയാണ് പാട്ടത്തുക.അല്ലെങ്കിൽ 500 .വർഷത്തിൽ മുഴുവൻ ദിവസവും സുനിലിന് കൃഷിയുണ്ട്.
രാഷ്ട്രീയ തിരക്കിനൊപ്പം കൃഷി ഭാഗ്യം
സി.പി.ഐയുടെ ചേർത്തല തെക്ക് മണ്ഡലം കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവുമാണ് 45 കാരനായ സുനിൽ.2000 മുതൽ 2005 വരെ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറായിരുന്നു.പിന്നീട് ഈ വാർഡിൽ സി.പി.എം മത്സരിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഇതേ വാർഡിൽ നിന്ന് മെമ്പറായത് സുനിലിന്റെ ഭാര്യ റോഷ്നിയാണ്.ഇരുവരും ഒരുമിച്ചാണ് കൃഷിയിടത്തിലെ പണി. ഭാര്യാപിതാവ് സദാനന്ദനും സവിത എന്ന പെൺകുട്ടിയും സഹായത്തിനുണ്ട്.ചേർത്തലയിലെ ഒരു കയർ കയറ്റുമതി സ്ഥാപനത്തിൽ സൂപ്പർവൈസറായിരുന്നു സുനിൽ. ആറു വർഷം മുമ്പ് കമ്പനി പൂട്ടി.ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മാർഗ്ഗമില്ലാതെ വന്നപ്പോഴാണ് കൃഷിയിലേക്ക് തിരിഞ്ഞത്.ഒരു വർഷം 10 ലക്ഷത്തിന്റെ ഉത്പാദനം ലക്ഷ്യമിട്ടാണ് കൃഷി തുടങ്ങാറ്.ഇതുവരെ കണക്ക് പിഴച്ചിട്ടില്ല.
ജൈവവളങ്ങൾ മാത്രം
ഉണക്കചാണകം, കോഴിവളം,വേപ്പിൻപിണ്ണാക്ക്,കുമ്മായം ഇവയാണ് വളങ്ങൾ.എറണാകുളം മാർക്കറ്റിൽ നിന്ന് വ്യാപാരികൾ പതിവായെത്തി പച്ചക്കറികൾ കൊണ്ടുപോകും.കഞ്ഞിക്കുഴിയിലെ മിക്ക പച്ചക്കറി കടകൾക്കും ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്.