vbb

 പിതാവ് മരിച്ചത് 9 ദിവസം മുമ്പ്

ഹരിപ്പാട്: വെള്ളക്കെട്ടിൽ കിടന്ന മരച്ചില്ല എടുക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. മുതുകുളം തെക്ക് പുത്തൻവീട്ടിൽ (വേലിയിൽ) പരേതനായ ഉദയകുമാറിന്റെയും രമണിയുടെയും മക്കളായ അരുൺ (കണ്ണൻ -28), അഖിൽ (ഉണ്ണിക്കുട്ടൻ -28) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം.

അസുഖത്തെത്തുടർന്ന് കഴിഞ്ഞ 18ന് പിതാവ് ഉദയകുമാർ മരിച്ചിരുന്നു. എറണാകുളത്തെ ടൂർ കമ്പനിയിൽ ജീവനക്കാരായ ഇരുവരും അച്ഛന്റെ അടിയന്തിര ചടങ്ങുകളിൽ പങ്കെടുക്കാനാണ് വീട്ടിലെത്തിയത്. വീടും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് ചെളിനിറഞ്ഞ വെള്ളക്കെട്ടിൽ മരച്ചില്ല എടുക്കാൻ ഇറങ്ങിയത്. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ രണ്ടാമത്തെയാൾ രക്ഷിക്കാൻ ഇറങ്ങിയതാകാമെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ചെളിയിൽ ആഴ്ന്ന നിലയിലായിരുന്നു ഇരുവരും. കനകക്കുന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. അരുണിന്റെ വിവാഹം മൂന്നുമാസം മുമ്പായിരുന്നു. വിനീതയാണ് ഭാര്യ. അഖിൽ അവിവാഹിതനാണ്. സഹോദരി: അഞ്ജന