ആലപ്പുഴ: ലോക്ക്ഡൗണിനെത്തുടർന്നുള്ള യാത്രാവിലക്കിൽ കാൻസർ രോഗികൾ ആശങ്കപ്പെടേണ്ടെന്നും ടാബ്‌ലെറ്റ് കൊടുത്ത് കീമോ തെറാപ്പി വരെ നീട്ടാമെന്നും പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ പറഞ്ഞു. മരുന്നുകളുടെ ഡോസ് വർദ്ധിപ്പിക്കുന്നതടക്കം പരിഹാരമാർഗങ്ങൾ ഈ കാലയളവിൽ സ്വീകരിക്കാം.
കൃത്യ ഇടവേളകളിൽ എടുക്കേണ്ട കീമോതെറാപ്പിയും റേഡിയേഷനും മുടങ്ങുമെന്ന സ്ഥിതിയായതോടെ ആശങ്കയിലാണ് കാൻസർ രോഗികൾ.
അതീവ ഗുരുതര സ്ഥിതിയിലല്ലാത്ത രോഗി ചികിത്സയ്‌ക്ക് വേണ്ടി യാത്ര ചെയ്യേണ്ടതില്ല. കീമോതെറാപ്പി കാലയളവ് ഓരോ രോഗിയിലും വ്യത്യാസം വരാം. കീമോതെറാപ്പിക്ക് സമയമായ രോഗിക്ക് ടാബ്‌ലെറ്റുകൾ നീട്ടിക്കൊടുത്ത് സമയം മുന്നോട്ട് കൊണ്ടുപോകാം. സ്ഥിരമായി കാണുന്ന ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് ആരോഗ്യസ്ഥിതി ബോദ്ധ്യപ്പെടുത്തണം.
ടെലിമെഡിസിൻ വരുന്നു
സംസ്ഥാനത്ത് ടെലിമെഡിസിൻ സംവിധാനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത് കാൻസർ രോഗികൾക്ക് ആശ്വാസകരമാണ്. യാത്ര ചെയ്യാൻ പ്രയാസമുള്ള കാലയളവിൽ ഏറ്റവും അനുയോജ്യമായ ചികിത്സാരീതിയാണിത്. മൊബൈൽ ഫോൺ, കംപ്യൂട്ടർ, കാമറ, സ്കാനർ, ഇന്റർനെറ്റ് കണക്‌ഷൻ എന്നിവയാണ് വേണ്ട അടിസ്ഥാന സംവിധാനങ്ങൾ. ഏത് ദേശത്തെയും വിദഗ്ദ്ധ ഡോക്ടറെ കണ്ടുകൊണ്ട് രോഗവിവരങ്ങളും റിപ്പോർട്ടുകളും കൈമാറാം.
ഗുണങ്ങൾ
യാത്രാ ചെലവും ക്ഷീണവും ഒഴിവാക്കാം. സമയവും ലാഭം
മലിനവായു, പകർച്ചവ്യാധി എന്നിവയിൽ നിന്ന് രക്ഷ
വിദഗ്ദ്ധ ഡോക്ടറുടെ ചികിത്സാ നിർദ്ദേശം ലഭിക്കുന്നു
സ്‌കാനർ മുഖാന്തരം ഡോക്ടർക്ക് റിസൾട്ട് പരിശോധിക്കാം
വീഡിയോ കോൺഫറൻസിലൂടെ രോഗിയെ മനസിലാക്കാം
ആശുപത്രികളിലേക്ക് വിളിക്കുന്ന രോഗി കേസ് ഷീറ്റിന്റെ നമ്പർ ഉൾപ്പെടെ വിവരങ്ങൾ നൽകുന്നത് ഡോക്ടർക്ക് സ്ഥിതി നിർണയത്തിനും മരുന്ന് കുറിച്ച് നൽകുന്നതിനും സഹായമാകും. ടെലിമെഡിസിൻ സംവിധാനം വളർന്നാൽ അടച്ചുപൂട്ടൽ പോലുള്ള സാഹചര്യങ്ങളിൽ രോഗികൾക്ക് ആശ്വാസമാകും.
- ഡോ.വി.പി.ഗംഗാധരൻ, ഓങ്കോളജിസ്റ്റ്
ഫോൺ: 9847064668