kada

 ജില്ലയിൽ ഇന്നലെ കിച്ചണിൽ നിന്നുള്ള ഊണ് കഴിച്ചത് 2713 പേർ

ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിക്കാൻ മുഖ്യമന്ത്റി നിർദ്ദേശിച്ച കമ്മ്യൂണി​റ്റി കിച്ചണുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനമാരംഭിച്ചു. ഇന്നലെ ജില്ലയിൽ 2713 പേർക്കാണ് ഉച്ചഭക്ഷണം നൽകിയതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം.ഷഫീഖ് അറിയിച്ചു. ഇതിൽ 260 അതിഥി തൊഴിലാളികളും ഉൾപ്പെടും.

ജനങ്ങൾക്ക് ഭക്ഷണം ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് കമ്മ്യൂണി​റ്റി കിച്ചണിന്റെ ലക്ഷ്യം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹായത്തോടെയാണ് പ്രവർത്തനം. അഗതികൾ, കിടപ്പു രോഗികൾ, ഭിക്ഷാടകർ, നിർദ്ധനർ എന്നിവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. പ്രത്യേകം നൽകിയിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഭക്ഷണം നേരിട്ട് വീടുകളിൽ എത്തിക്കും. സൗജന്യ ഭക്ഷണത്തിന് അർഹരായവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തന്നെ തയ്യാറാക്കും. തദ്ദേശ സ്ഥാപന തലത്തിൽ രൂപീകരിക്കുന്ന വോളണ്ടിയർമാർ വഴിയാണ് ഭക്ഷണം വീടുകളിൽ എത്തിക്കുന്നത്. ഇതിനുള്ള ചെലവ് അതത് സ്ഥാപനം വഹിക്കും.

മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടാത്തവർക്ക് കമ്മ്യൂണി​റ്റി കിച്ചണുകളിൽ ചെന്ന് ഭക്ഷണം വാങ്ങുന്നതിന് 20 രൂപയും വീട്ടിൽ എത്തിച്ചു നൽകുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 10 രൂപ സബ്സിഡി ഉൾപ്പെടെയാണീ നിരക്ക്.

 ആവശ്യമനുസരിച്ച് കിച്ചണുകൾ

ഓരോ തദ്ദേശ സ്ഥാപനത്തിലും അവിടത്തെ ആവശ്യമനുസരിച്ചാണ് കമ്മ്യൂണി​റ്റി കിച്ചണുകൾ സജ്ജീകരിക്കുന്നത്. നഗരസഭകളിൽ 10 വാർഡിന് ഒരെണ്ണം എന്ന രീതിയിൽ കമ്മ്യൂണി​റ്റി കിച്ചണുകളൊരുക്കും. കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭക യൂണി​റ്റുകൾക്കാണ് കിച്ചണുകളുടെ നടത്തിപ്പ് ചുമതല. തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി, കിച്ചൺ പ്രവർത്തിക്കുന്ന സ്ഥലത്തെ വാർഡ് അംഗം, സി.ഡി.എസ് ചെയർപേഴ്സൺ, തദ്ദേശ സ്ഥാപനം നിർദ്ദേശിക്കുന്ന സംഘടനാ പ്രതിനിധി, സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന സമിതിയാണ് കമ്മ്യൂണി​റ്റി കിച്ചണുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. ഭക്ഷണ വസ്തുക്കൾ റേഷൻ കടയിൽ നിന്നും പലവ്യഞ്ജനങ്ങൾ സപ്ലൈകോ സ്‌​റ്റോറുകളിൽ നിന്നും പച്ചക്കറികൾ ഹോർട്ടികോർപ്പ്, സംഘകൃഷി ഗ്രൂപ്പുകൾ, പ്രാദേശിക കർഷകർ എന്നിവിടങ്ങളിൽ നിന്നും വാങ്ങാം.