ആലപ്പുഴ: നിരോധനം ലംഘിച്ചുള്ള യാത്രകൾ തടയാൻ ജില്ലയിൽ പൊലീസ് ഇന്നലെയും കർശനപരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് റോഡിൽ അല്പം തിരക്ക് കുറവായിരുന്നു. വിലക്കുകൾ ലംഘിച്ചുള്ള യാത്രയ്ക്ക് ഇന്നലെ വൈകിട്ട് 4 വരെ ജില്ലയിൽ 72 കേസുകൾ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്തിട്ടുള്ള 49 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ് ചെയ്യുന്നതിനും, വാഹനം ഓടിച്ചയാളുടെ ലൈസൻസ് 6 മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്യാനും നടപടി സ്വീകരിച്ചു. റോഡരികിൽ ഒരുകാരണവും ഇല്ലാതെ സംഘമായി നിന്ന 18 യുവാക്കൾക്ക് എതിരെ പകർച്ചവ്യാധി നിയന്ത്രണ. നിരോധന നിയമം അനുസരിച്ച് കേസെടുത്തു. വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്ത അഞ്ച് പേർക്ക് എതിരെയും, സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്ത 12 പേർക്ക് എതിരെയും ഉൾപ്പടെ 72 കേസുകളിലായി 73 പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൌൺ പ്രഖ്യാപിച്ച 24 മുതൽ ഇന്നലെവരെ 1266 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുകയും 382 വാഹനങ്ങൾ പിടിച്ചെടുക്കുകയും 1295 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 117 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ് ചെയ്യുന്നതിനും 81 പേരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനും നടപടി സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു.