ചേർത്തല:കൊറോണയെ പ്രതിരോധിക്കാൻ തണ്ണീർമുക്കത്ത് രാഷ്ട്രീയ ഭേദമില്ലാതെ യുവജനങ്ങൾ സജ്ജരായി.
ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികളിലെ യുവജന സംഘടന നേതാക്കളുടെ നേതൃത്വത്തിൽ യൂത്ത് വോളണ്ടിയർ ആക്ഷൻ ഫോഴ്സിന് രൂപം നൽകി. പഞ്ചായത്ത് ഹാളിൽ ഒത്തുചേർന്ന യുവജന നേതാക്കൾ 23 വാർഡുകളിലെയും ജനങ്ങളെ കോർത്തിണക്കി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു. ഡി.വൈഎഫ് ഐ, എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ്, യുവമോർച്ച, യൂത്ത് കോൺഗ്രസ് (എസ്), വിൻസെന്റ് ഡി.പോൾ തുടങ്ങിയ സംഘടനകളിലെ അംഗങ്ങളാണ് രംഗത്തുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോ ഓർഡിനേറ്റർ ബി.ശ്രീകാന്ത് വിഷയാവതരണം നടത്തി. ഡി.വൈ.എഫ്.ഐക്ക് വേണ്ടി എസ്.സുമേഷ് (ഡി.വൈ.എഫ്.ഐ), സാംജു സന്തോഷ് (എ.ഐ.വൈ.എഫ്), ജെ.ജയകൃഷ്ണൻ (യൂത്ത് കോൺഗ്രസ്), വിഷ്ണുപ്രസാദ് (യുവമോർച്ച), പി.കെ. വിനോദ് (യൂത്ത് കോൺഗ്രസ് എസ്), ജോൺസൺ (വിൻസെന്റ് ഡി. പോൾ) എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 23 വാർഡുകളിലും ഇന്നു പ്രവർത്തനം ആരംഭിക്കും.