കുട്ടനാട്: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് സ്ത്രീ തൊഴിലാളികൾ കൂടി മരിച്ചു. പുളിങ്കുന്ന് കരിയിൽചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (52), പുളിങ്കുന്ന് കന്നിട്ടച്ചിറ ബിന്ദു സതീശൻ (42) എന്നിവരാണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
ഇന്നലെ ഉച്ചയോടെ ഏലിയാമ്മ തോമസും വൈകിട്ട് നാലോടെ ബിന്ദുവും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആലപ്പുഴമെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു എല്ലാവരും. ദിവസങ്ങൾ പിന്നിട്ടതോടെ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അനധികൃത പടക്കനിർമ്മാണശാലയിലെ സ്ഫോടനം.