 പതിവ് ശീലങ്ങൾക്ക് അവധി നൽകി മലയാളി

ആലപ്പുഴ : പ്രായവ്യത്യാസമില്ലാതെ സകലരെയും വീട്ടിലടച്ച കൊറോണ മറ്റൊന്നു കൂടി തെളിയിക്കുന്നു. മലയാളിക്ക് മാറ്റാനാവാത്ത ശീലങ്ങളൊന്നും ഇല്ലെന്ന്. പൊറോട്ടയില്ലാത്ത ഭക്ഷണ മെനുവും ആൾക്കൂട്ടമില്ലാത്ത കല്യാണങ്ങളും മാറ്റിവയ്ക്കാവുന്ന ക്ഷേത്രാചാരങ്ങളും മദ്യമില്ലാത്ത ആഘോഷങ്ങളും മലയാളിക്ക് ചിന്തിക്കാൻ പോലുമാവാത്ത കാര്യങ്ങളായിരുന്നു. പക്ഷേ ഇതൊക്കെയും സാദ്ധ്യമാണെന്ന് ബോദ്ധ്യപ്പെടുത്താൻ കൊറോണ വൈറസ് വേണ്ടി വന്നു! കൂടെക്കൊണ്ടുനടന്ന ഒരുപിടി ശീലങ്ങളെയും നാട്ടുടനടപ്പുകളെയുമാണ് മലയാളി തൽക്കാലത്തേക്കെങ്കിലും ആട്ടിപ്പായിച്ചത്.

നാട് ഏറെ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന പ്രധാന തലവേദനയായിരുന്നു മാലിന്യപ്രശ്നം. അതിനും പരിഹാരമായി. ഇപ്പോൾ എങ്ങും മാലിന്യങ്ങളില്ല. ഗാർഹിക മാലിന്യങ്ങൾ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്ക്കരിക്കാനും, കളക്ഷൻ കേന്ദ്രങ്ങളിൽ ഏൽപ്പിക്കാനും ജനം ശീലിച്ചു. രണ്ടു നേരം കുളി ജീവിതചര്യയായി. വീടിന് വെളിയിൽ ഇറങ്ങിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ കൈകൾ ശുദ്ധിയാക്കുന്നു.

 ആഡംബരരഹിതം വിവാഹം

വിവാഹങ്ങൾ ആഡംബര രഹിതമാകണമെന്നും പരമാവധി പത്ത് പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കേണ്ടതുള്ളൂ എന്നുള്ള ശ്രീനാരായണ ഗുരുദേവന്റെ വാക്കുകൾ ചെവിക്കൊള്ളാൻ ആരും ഇതുവരെ തയ്യാറായിരുന്നില്ല. കൊറാണ വന്നതോടെ കഥ മാറി. ലളിതമായി ചടങ്ങുകൾ നടത്താനാവുമെന്ന തിരിച്ചറിവായി. മരണാനന്തര ചടങ്ങുകളിൽ പോലും പായസം ഉൾപ്പെടുന്ന സദ്യ തയാറാക്കി ആഘോഷമാക്കുന്ന പതിവുകളും പൊടുന്നനെ നിലച്ചു.

തിരികെ വന്ന വായന

നാല് ചുവരുകൾക്കുള്ളിൽ കുടുങ്ങിയതോടെ അക്ഷരപ്രേമികൾക്കിത് വായനയിലേക്ക് തിരിച്ചെത്താനുള്ള അസുലഭ അവസരമായി. സമയക്കുറവ് മൂലം മാറ്റി വെച്ചതും പാതിവായിച്ച് നിറുത്തിയതുമെല്ലാം വീണ്ടും കൈകളിലെത്തുന്നു. എഴുതാൻ വാസനയുള്ളവരാവട്ടെ അത്തരത്തിലും സമയം വിനിയോഗിക്കുകയാണ്.

 മറന്നുപോയ മദ്യം

മദ്യമില്ലാതെ ആഘോഷമില്ലെന്ന് കരുതിയവർക്ക് മാറ്റത്തിനുള്ള അവസരം ലഭിച്ചു. കടുത്ത മദ്യപാനികൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും ശരാശരിക്കാ‌ർക്ക് നല്ലനടപ്പിനുള്ള സമയമാണ് ഈ മദ്യനിരോധനകാലം. തുടർച്ചയായ 21 ദിവസം മദ്യം ലഭിക്കാതാവുന്നതോടെ ശീലത്തോട് വിട പറയുന്നവരുണ്ടായേക്കാം. ശീലം വീണ്ടും തുടങ്ങുന്നവരും കാണും. ഏതായാലും ഇപ്പോൾ വീടുകൾ ഹാപ്പിയാണ്.

 കൃഷിയിലേക്ക്

വായനയും ടി വി കാഴ്ചയും കഴിഞ്ഞാലും പിന്നെയും സമയം ബാക്കിയാണ് പലർക്കും. ഈ സമയം വിനിയോഗിച്ച് വീട്ടുമുറ്റത്തും ടെറസിലുമൊക്കെ കൃഷി ആരംഭിച്ചവരുണ്ട്. മികച്ച പരിപാലനം നൽകിയാൽ വരും നാളുകളിൽ വിഷപച്ചക്കറികളോട് ഭൂരിഭാഗം പേർക്കും വിടപറയാം.

 പൊറോട്ടയില്ലേലും ജീവിക്കാം!

ഹോട്ടലുകൾ അടച്ചതോടെ, ഇഷ്ട ഭക്ഷണമായി മലയാളി ചങ്കിലേറ്റിയ പൊറോട്ട കിട്ടാതായിട്ട് ദിവസങ്ങളായി. ആരോഗ്യത്തിന് നല്ലതല്ലെന്ന് ബോദ്ധ്യമുണ്ടായിട്ടും പൊറോട്ട ഉപേക്ഷിക്കാൻ ആർക്കും ഇതുവരെ സാധിച്ചിരുന്നില്ല. തട്ടുകടകളിലെയും ഹോട്ടലുകളിലെയും പ്രധാന മെനുവായിരുന്നു പൊറോട്ടയും ബീഫും. എന്നാൽ, കൊറോണയിൽ തട്ടി പൊറോട്ടയും മലയാളിയുടെ ശീലത്തിൽ നിന്ന് പറപറന്നു.

 വഴിമാറിയ ഉത്സവകാലം

താലപ്പൊലിയും ആനയും വാദ്യ മേളങ്ങളും കലാപരിപാടികളുമായി അമ്പലപ്പറമ്പുകളിൽ ജനം തിങ്ങി നിറയേണ്ട മീനഭരണിയായിരുന്നു ഇന്നലെ. ലോക്കായതിൽ പിന്നെ ദിവസമേതെന്ന് പോലും നിശ്ചയമില്ലാതിരിക്കുന്ന അവസ്ഥയിൽ എന്ത് ഉത്സവമെന്നാണ് ചില ഉത്സവപ്രേമികളുടെ പ്രതികരണം. എല്ലാ മതവിഭാഗക്കാരും ആഘോഷങ്ങൾ അപ്പാടെ മറന്ന മട്ടാണ്. പല ആരാധനാലയങ്ങൾക്കു മുന്നിലും 'പ്രവേശനമില്ല' ബോർഡ് പ്രത്യക്ഷപ്പെട്ടു.

അടച്ചിട്ട അവധിക്കാലം

വിനോദയാത്ര,അവധിക്കാല ക്ളാസ്,ബന്ധുവീടുകളിലേക്കുള്ള യാത്ര... ഇങ്ങനെ എന്തൊക്കെ പ്ലാനുകളായിരുന്നു കുട്ടികൾക്ക്. എല്ലാം കൊറോണ കൊണ്ടുപോയി. ഒടുവിൽ 'പവനായി ശവമായി" എന്ന ഡയലോഗ് പറഞ്ഞ് ആശ്വാസം കൊള്ളുകയാണ് ഈ വെക്കേഷൻ കാലത്ത് കുട്ടിക്കൂട്ടം. വേനലവധിക്കാലത്ത് ടൂർ പോകേണ്ട സ്ഥലങ്ങൾ പലരും പ്ലാൻ ചെയ്തിരുന്നു. തിയതി കണക്കാക്കി മുതിർന്നവർ ഓഫീസുകളിൽ നിന്ന് ലീവും തരപ്പെടുത്തി. എല്ലാം വെറുതെയായെങ്കിലും പതിവിന് വിപരീതമായി എല്ലാവരും കൂടുതൽ സമയം ഒത്തുചേരുന്നത് വീടുകൾക്കുള്ളിൽ സന്തോഷം നിറയ്ക്കുന്നു.

 വില്ലനായി മൊബൈൽ ഫോൺ

ലോക്ക് ഡൗൺ കാലത്ത് കൊറോണക്കു പുറമേ ഉയരുന്ന ആരോഗ്യ ഭീഷണി അമിതമായ മൊബൈൽ ഫോൺ ഉപയോഗമാണ്. സദാ സമയവും ഫോണിൽ മുഴുകുന്ന ശീലത്തിലേക്ക് കുട്ടികൾ മുതൽ മുതിർന്നവർ വരെ എത്തുന്നു. മൊബൈൽ അഡിക്‌ഷനിലേക്ക് എത്തിപ്പെടാതെ സ്വയം സംരക്ഷിക്കാൻ ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.