മാവേലിക്കര: നഗരസഭയിൽ 40.78 കോടി രൂപ വരവും 37.97 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഉപാദ്ധ്യക്ഷൻ പി.കെ.മഹേന്ദ്രൻ അവതരിപ്പിച്ചു. എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി 60 ലക്ഷം, വിശപ്പുരഹിത കേരളം ജനകീയ ഹോട്ടൽ പദ്ധതിക്കായി അഞ്ചു ലക്ഷം, കാട്ടുകുളത്തിന്റെ നവീകരണത്തിനു 25 ലക്ഷം, നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിന് മുകളിൽ വ്യാപാര സമുച്ചയം നിർമിക്കാൻ 3.5 കോടി, സ്വന്തമായി സ്ഥലമുള്ള അങ്കണവാടികൾക്കു കെട്ടിടം നിർമിക്കാൻ 51 ലക്ഷം, അങ്കണവാടികൾക്ക് ചുറ്റുമതിൽ നിർമിക്കാൻ 9 ലക്ഷം, ഗവ.ടി.ടി.ഐ അറ്റകുറ്റപ്പണിക്കായി 10 ലക്ഷം, മൃഗാശുപത്രി അറ്റകുറ്റപ്പണിക്കായി 10 ലക്ഷം, മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തലിന് 3.4 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.

ബി.ജെ.പി ബഹിഷ്കരിച്ചു

നഗരസഭയുടെ ബഡ്ജറ്റ് ബി.ജെ.പി ബഹിഷ്കരിച്ചു. ചർച്ചകൂടാതെ ബഡ്ജറ്റ് പാസാക്കണമെന്ന ചെയർപേഴ്സൺ തീരുമാനമെടുത്തതിലും 18ന് നടന്ന കൗൺസിൽ യോഗത്തിൽ മര്യാദ ലംഘിച്ച യു.ഡി.എഫ് കൗൺസിലർമാരെ സസ്പെൻഡ് ചെയ്യാത്തതിലും 144 നിലനിൽക്കെ മുൻകരുതൽ ഇല്ലാതെ യോഗം വിളിച്ചതിലും പ്രതിഷേധിച്ചാണ് ബഡ്ജറ്റ് ബഹിഷ്കരിച്ചതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എസ്.രാജേഷ് അറിയിച്ചു.

 യു.ഡി.എഫും ബഹിഷ്കരിച്ചു
144 പ്രഖ്യാപിച്ച സാഹചര്യത്തിൽ ബഡ്ജറ്റ് സമ്മേളനം ചേർന്നതിലും കഴിഞ്ഞ 18ന് കൗൺസിൽ യോഗത്തിൽ വച്ച് യു.ഡി.എഫ് കൗൺസിലർമാരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫ് ബഡ്ജറ്റ് അവതരണം ബഹിഷ്കരിച്ചു.