 6 പേർ മലയാളികൾ

മാവേലിക്കര: ഡൽഹിയിൽ കുടുങ്ങിക്കിടന്ന ആറ് മലയാളികൾ ഉൾപ്പെടെയുള്ള 33 റയിൽവേ ജീവനക്കാരെ പ്രത്യേകം സജ്ജമാക്കിയ ട്രെയിനുകളിൽ കായംകുളത്തും ചെങ്ങന്നൂരിലുമെത്തിച്ച ശേഷം മാവേലിക്കര നഗര മദ്ധ്യത്തിലുള്ള ലോഡ്ജിൽ നിരീക്ഷണത്തിലാക്കി.

ഷാലിമാർ എക്സ്പ്രസ്സ് ട്രെയിനിൽ ഇന്നലെ പുലർച്ചെ 1.30 ഓടെ കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ 31 പേരും അതിനു ശേഷം അഹല്യ നഗർ എക്സ്പ്രസിൽ ചെങ്ങന്നൂരിൽ എത്തിയ 2 പേരുമാണ് സംഘത്തിലുള്ളത്.
കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകരും റവന്യു അധികൃതരും കായംകുളത്ത് എത്തിയവരെ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിലും ചെങ്ങന്നൂരിൽ എത്തിയ രണ്ടു പേരെ ആംബുലൻസിലുമാണ് മാവേലിക്കരയിൽ എത്തിച്ചത്. കേരളത്തിൽ നിന്നു ഉത്തരേന്ത്യയിലേക്ക് പോകുന്ന എറണാകുളം- നിസാമുദീൻ, തിരുവനന്തപുരം - ന്യൂഡൽഹി ട്രെയിനുകളിലെ ലോക്കോ പൈലറ്റ്, സിഗ്നൽമാൻ, പാൻട്രി, ശുചീകരണ വിഭാഗം ജീവനക്കാരാണ് ഇവർ. മലയാളികൾ ഒഴികെയുള്ളവർ ദക്ഷിണേന്ത്യൻ സംസ്ഥാനക്കാരാണ്. ലോക് ഡൗണിനെ തുടർന്ന് റയിൽ ഗതാഗതം നിറുത്തിവച്ചതോടെ ഇവർ ഡൽഹിയിൽ കുടുങ്ങുകയായിരുന്നു. പ്രാഥമിക പരിശോധയിൽ ഇവർക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ലെന്നും സാമൂഹിക സുരക്ഷയെ കരുതി 14 ദിവസം നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.