ചേർത്തല: ഡെറാഡൂണിൽ കുടുങ്ങിയ 10 മലയാളികൾ ഉൾപ്പെടെയുള്ള 16 റെയിൽവേ ജീവനക്കാരെ ഡെറാഡൂൺ-കൊച്ചുവേളി എക്‌സ്പ്രസിൽ ചേർത്തലയിലെത്തിച്ചു.

തുടർന്ന് ഇവരെ പ്രത്യേക ബസിൽ വയലാറിലെ സ്വകാര്യ ഹോട്ടലിലെ ക്വാറന്റൈനിലേക്ക് മാ​റ്റി. ജില്ലാഭരണകൂടം, ചേർത്തല നഗരസഭ, വയലാർ പഞ്ചായത്ത്, പൊലീസ്, ആരോഗ്യ, അഗ്നിരക്ഷാസേന അധികൃതർ എന്നിവരുടെ കരുതലിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. വയലാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എസ്.ആബിദയുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗമാണ് ഇവരുടെ നിരീക്ഷണത്തിന് നേതൃത്വം നൽകുന്നത്. മൂന്നു നാലു ദിവസമായി ഭക്ഷണം പോലും ലഭിക്കാതെ അകപ്പെട്ട ജീവനക്കാർക്ക് ഭക്ഷണം ഉൾപ്പെടെ എല്ലാ പ്രാഥമിക സാഹയങ്ങളും പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. ചേർത്തല റെയിൽവേ സ്​റ്റേഷനിൽ യാത്ര അവസാനിപ്പിച്ച ട്രെയിൻ റെയിൽ ഗതാഗതം പുന:സ്ഥാപിക്കുമ്പോൾ മാത്രമേ ഇവിടെ നിന്ന് മാ​റ്റുകയുള്ളു. ട്രെയിനും റെയിൽവേ സ്​റ്റേഷൻ പരിസരവും അഗ്‌നിശമന സേന അംഗങ്ങൾ അണുവിമുക്തമാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ മണിക്കുട്ടൻ നേതൃത്വം നൽകി.