ആലപ്പുഴ: കൊറോണ വ്യാപനത്തെ തുടർന്ന് സർക്കാർ തീരുമാനപ്രകാരം പരമ്പരാഗത കള്ളുചെത്ത് താൽക്കാലികമായി നിർത്തിവയ്ക്കുവാൻ മുഴുവൻ തൊഴിലാളികളും തയ്യാറാവണമെന്ന് കേരളാ സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ(എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി.പി.മധു ആവശ്യപ്പെട്ടു. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ വളരെ പെട്ടെന്ന് ചെത്ത് നിർത്തിവയ്‌ക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന തെങ്ങുകളുടെ നഷ്ടവും തൊഴിൽ നഷ്ടവും പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുവാൻ സർക്കാരും, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡും പദ്ധതികൾ ആവിഷ്‌ക്കരിക്കണം. പാലക്കാട് ജില്ലയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിതമായി അവരവരുടെ വീട്ടിൽ എത്തിക്കുവാൻ സംവിധാനം ഏർപ്പെടുത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.