ആലപ്പുഴ: നിരോധാനാജ്ഞ നിലനിൽക്കേ, പുലയൻവഴി മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും നഗരസഭയും രംഗത്ത്. മത്സ്യ-പച്ചക്കറി-പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ എത്തുന്നതിവിടെയാണ്. ആലപ്പുഴ സൗത്ത് സി.ഐ കെ.എം.രാജേഷിന്റെ നേതൃത്വത്തിൽ ജനങ്ങളെ നിയന്ത്രിച്ചാണ് മാർക്കറ്റിലേക്ക് കടത്തി വിടുന്നത്. ക്യൂ നിൽക്കുന്നവർക്കായി ഒരു മീറ്റർ അകലത്തിൽ റൗണ്ട് വരച്ചിട്ടുണ്ട്. ഒരേ സമയം 70 പേർക്ക് ക്യൂ നിൽക്കാൻ കഴിയുന്ന തരത്തിലാണ് മാർക്ക് ചെയ്തിട്ടുള്ളത്. മാർക്കറ്റിന്റെ മുൻഭാഗത്ത് ഹാൻഡ് വാഷിനുള്ള സൗകര്യം നഗരസഭ ഒരുക്കിയിട്ടുണ്ട്. കൈകൾ അണുവിമുക്തമാക്കിയ ശേഷം മൂന്ന് പേരെ വീതമാണ് മത്സ്യ മാർക്കറ്റിനുള്ളിലേക്ക് കടത്തിവിടുന്നത്.