വിശ്രമമില്ലാതെ പൊലീസ് സേന
ആലപ്പുഴ: ലോക്ക് ഡൗൺ പ്രാബല്യത്തിലായതോടെ ജോലി ഭാരം വർദ്ധിച്ചത് നിയമപാലകർക്കാണ്. റോഡിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചയക്കുന്നതിന് കൂടുതൽ സേനാംഗങ്ങളെ രംഗത്തിറക്കിയെങ്കിലും കൃത്യ സമയത്ത് ഡ്യൂട്ടി അവസാനിക്കാത്തതും ആരോഗ്യ സുരക്ഷാ വെല്ലുവിളിയും പൊലീസ് ഉദ്യോഗസ്ഥരിൽ ആശങ്കയുയർത്തുന്നു. ദിവസം മൂന്ന് ഷിഫ്റ്റ് എന്ന ക്രമത്തിൽ ഒരു ഉദ്യോഗസ്ഥൻ എട്ട് മണിക്കൂറാണ് സാധാരണ ജോലി ചെയ്യേണ്ടത്. എന്നാൽ പരിശോധനകൾ കർശനമാക്കിയതോടെ ചുരുങ്ങിയത് പത്ത് മണിക്കൂർ വരെ ഒരാൾ ജോലി ചെയ്യേണ്ടിവരുന്നു. സ്ക്വാഡുകളായി വിവിധ പോയിന്റുകളിൽ വിന്യസിക്കപ്പെടുന്നതിനാൽ ജോലി ഭാരം കുറയാത്ത സ്ഥിതിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഓരോ ദിവസവും നിരവധി ആളുകളുമായി സമ്പർക്കത്തിലേർപ്പെടുന്നതിനാൽ പേടിച്ചാണ് കഴിയുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കേവലം ഒരു മാസ്ക്കിന്റെ ബലത്തിലാണ് മണിക്കൂറുകളോളം നിൽക്കുന്നത്.
താമസം ക്യാമ്പിൽ
വിവിധ ജില്ലകളിൽ നിന്നെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്ക് ശേഷം സ്വന്തം വീട്ടിലേക്ക് പോകാൻ സാധിക്കുന്നില്ല. പല സാഹചര്യങ്ങളിൽ ഡ്യൂട്ടി ചെയ്ത് വരുന്ന ഉദ്യോഗസ്ഥർ ഒരുമിച്ച് ക്യാമ്പുകളിൽ അടുങ്ങി കിടക്കുകയാണ്. വീടുകളിലെ അത്യാവശ്യ കാര്യങ്ങൾക്കു പോലും എത്തിച്ചേരാനാവാത്ത സ്ഥിതിയാണ്.
കുടിവെള്ളം പോലുമില്ല
ഹോട്ടലുകൾ എല്ലാം അടച്ചതോടെ ഡ്യൂട്ടിക്കിടയിൽ വെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുകയാണ് ഉദ്യോഗസ്ഥർ. പത്ത് മണിക്കൂറോളം നീളുന്ന ഡ്യൂട്ടിക്കിടയിൽ കൊണ്ടുവരുന്ന ഒരു കുപ്പി വെള്ളം ഒന്നിനും തികയില്ല. ഡ്യൂട്ടിക്കിടയിൽ ഒന്നോ രണ്ടോ പേർ വീതം ക്യാമ്പുകളിലെത്തിയാണ് വിശപ്പടക്കുന്നത്.
സാനിട്ടൈസർ സ്വന്തം ചെലവിൽ
തങ്ങൾക്ക് സുരക്ഷയ്ക്കുള്ള സാനിട്ടൈസർ പോലും ലഭിച്ചിട്ടില്ലെന്ന് ചില പൊലീസ് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. സ്വന്തം പണം മുടക്കി സാനിട്ടൈസർ വാങ്ങി ഉപയോഗിക്കുകയാണ് മിക്കവരും.
'' ഓരോ ആളുകളോട് ഇടപെടകുമ്പോഴും പേടിയുണ്ടെങ്കിലും ജനസുരക്ഷയ്ക്ക് മുൻഗണന നൽകി കരളുറപ്പോടെ പ്രവർത്തിക്കുകയാണ്. ചില ദിവസങ്ങളിൽ രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന ഡ്യൂട്ടി രാത്രി വരെ നീളും.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ