ആലപ്പുഴ: പുള്ളുവൻ പാട്ട് കലാകാരനായ വൃദ്ധനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമങ്കരി സ്വദേശി രഘുനാഥ് (ഹരിദാസ്-65) ആണ് മരിച്ചത്. കുറച്ചു നാളുകളായി വീട്ടിൽ നിന്നകന്ന് കിടങ്ങാംപറമ്പിലെ കടത്തിണ്ണയിലാണ് കഴിഞ്ഞിരുന്നത്.
ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ പുള്ളുവൻപാട്ട് പാടി ലഭിക്കുന്ന പണം കൊണ്ടാണ് ഭക്ഷണം വാങ്ങിയിരുന്നത്. പതിവ് പോലെ വെള്ളിയാഴ്ച രാത്രി കടത്തിണ്ണയിൽ കിടന്ന രഘുനാഥ് ഇന്നലെ രാവിലെ അനക്കമില്ലാതെ കിടക്കുന്നത് ആദ്യംകണ്ടത് സമീപത്തെ ക്ഷേത്രത്തിലെ ദർശനത്തിന് എത്തിയവരാണ്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ നോർത്ത് പൊലീസ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കലവൂരിൽ ബന്ധു ഉണ്ടെന്ന് അറിഞ്ഞ് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പലരോടും മദ്യം ലഭിക്കുമോയെന്ന് ഇയാൾ ചോദിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ, പൊലീസ് നാട്ടുകാരുടെ ആരോപണം നിഷേധിച്ചു.