ആലപ്പുഴ : മദ്യമോഷണം തടയാൻ ജില്ലയിലെ ബിവറേജസ്, കൺസ്യൂമർഫെഡ് ഗോഡൗണുകളുടെയും ഔട്ട്‌ലെറ്റുകളുടെയും സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി മദ്യ വില്പന പൂർണ്ണമായും നിർത്തലാക്കിയതോടെ മദ്യത്തിനായി നെട്ടോട്ടമോടുകയാണ് മദ്യപൻമാർ. ഷോപ്പുകളിലും ഗോഡൗണുകളിലും മോഷണം നടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. ജില്ലയിലെ എല്ലാ മദ്യവില്പന ശാലകളിലും എക്‌സൈസ് വകുപ്പ് പകലും രാത്രിയിലും പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. മിക്ക ഷോപ്പുകളിലും രാത്രി ഡ്യൂട്ടിയ്ക്കായി ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രേയുള്ളൂ. പകൽ സമയങ്ങളിൽ ആരും ഉണ്ടാകില്ല. ഭൂരിഭാഗം ഷോപ്പുകളും ആളൊഴിഞ്ഞ സ്ഥലത്താണുള്ളത്. ഇതും മോഷണസാദ്ധ്യത വർദ്ധിപ്പിക്കുന്നു.