ആലപ്പുഴ :മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനത്തിന് അനുവദിച്ചു കൊണ്ട് ഫിഷറീസ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ധീവരസഭ പാലിക്കില്ലെന്ന് ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു. സി.ഐ.ടി.യു ഒഴികെ മുഴുവൻ മത്സ്യത്തൊഴിലാളി സംഘടനകളും ഈ ഉത്തരവിനെ എതിർത്തിട്ടുണ്ട്. ഇത്തരം ഉത്തരവ് ഇറക്കിയത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുരക്ഷയോടുള്ള വെല്ലു വിളിയാണ്. ഫിഷറീസ് മന്ത്രിയുടെ അനുവാദം ഉണ്ടെന്ന് പറഞ്ഞ് ജില്ല കളക്ടറും മത്സ്യഫെഡ് ചെയർമാനും പൊലീസ് മേധാവികളും യോഗം ചേർന്ന് അമ്പലപ്പുഴയിലെ നീർക്കുന്നത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാനും അവിടെ മത്സ്യവിപണനം നടത്താനും തീരുമാനിച്ചു. സംഘടനകളുടെ ആഹ്വാനം അനുസരിച്ച് തൊഴിലാളികൾ ആരും മത്സ്യ ബന്ധനത്തിന് പോയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.