ആലപ്പുഴ: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണ ശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലുള്ള കിഴക്കാട്ടുതറ ഹരിദാസിന്റെ ഭാര്യ സരസമ്മയുടെ(56) നിലഗുരുതരമായി തുടരുന്നു. വെള്ളിയാഴച മരിച്ച രണ്ടു പേരുൾപ്പെടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം ആറായി. പുളിങ്കുന്ന് തോട്ടത്തറ വേണുവിന്റെ ഭാര്യ ഓമന (49), പുത്തൻപുരയ്ക്കൽ ചിറ വാസുവിന്റെ ഭാര്യ ഷീല (45),കായിപ്പുറം മുളവനക്കുന്നിൽ സിദ്ധാർത്ഥ് (64) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റുള്ളവർ .
കരിയച്ചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (55), കന്നിട്ടചിറ സതീശന്റെ ഭാര്യ ബിന്ദു (31) എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പിലും ഏലിയാമ്മ തോമസിന്റെ മൃതദേഹം പുളിങ്കുന്ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലും സംസ്കരിച്ചു. ഒളിവിലുള്ള പടക്കശാല ഉടമ ബിനോയിക്കായി പൊലീസ് അന്വേഷം ഊർജ്ജിതമാക്കി.