ആലപ്പുഴ : ലോക്ക് ഡൗണിനെത്തുടർന്ന് മദ്യശാലകൾക്ക് പൂട്ടു വീണതോടെ ശാരീരിക പ്രശ്നങ്ങനുഭവപ്പെടുന്ന മദ്യപർക്ക് ചികി്തസ നൽകാൻ ജനറൽ ആശൂപത്രിയോട് ചേർന്ന് ഡീ അഡിക്ഷൻ സെന്റർ സജ്ജമാക്കി ആലപ്പുഴ നഗരസഭ. കൗൺസിലിംഗും ചികിത്സയും സെന്ററിൽ നിന്ന് ലഭിക്കും. ചികിത്സ ആവശ്യമുള്ളവർ കൂട്ടിരിപ്പുകാർക്കൊപ്പം സെന്ററിൽ എത്തിച്ചേരണമെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു.
കൊറോണ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യ നഗരം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ആരോരുമില്ലാത്തവരുടെ അഭയകേന്ദ്രത്തിൽ മുപ്പത്തഞ്ചിലധികം അന്തേവാസികളെ എത്തിച്ചതായി ചെയർമാൻ അറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഇവിടെയെത്തിച്ച നിരാലംബരായ ആൾക്കാരെ വ്യക്തിശുചിത്വം വരുത്തി പാർപ്പിച്ചു. അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ പത്ത് പേരെ എത്തിച്ചു. കട കമ്പോളങ്ങളിൽ പൂഴ്ത്തിവയ്പ്പും അമിതവിലയും സംബന്ധിച്ച വ്യാപക പരാതിയെ തുടർന്ന് ചെയർമാന്റെ നേതൃത്വത്തിൽ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മുനിസിപ്പൽ സെക്രട്ടറിയും ഉദ്യോഗസ്ഥൻമാരും പരിശോധന നടത്തി. നാളെ മൂന്ന് സ്ഥലങ്ങളിൽ ആരംഭിക്കുന്ന കാരുണ്യനഗരം സമൂഹ അടുക്കളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ മുതൽ നഗരസഭാ പരിധിയിൽ ഭക്ഷണം ലഭ്യമാക്കും.
നഗരസഭ വൈസ് ചെയർപേഴ്‌സൺ സി.ജ്യോതിമോൾ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അഡ്വ. എ.എ.റസാഖ്, ബഷീർ കോയാപറമ്പിൽ, അഡ്വ. ജി.മനോജ് കുമാർ, ബിന്ദു കളരിക്കൽ,മോളി ജേക്കബ്, മുനിസിപ്പൽ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി, ഹെൽത്ത് ഓഫീസർ എം.ഹബീബ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.ജയകുമാർ, കൊറോണ നോഡൽ ഓഫീസർ എസ്.ഹർഷിദ് എന്നിവർ പങ്കെടുത്തു.