ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനങ്ങൾ നിരോധിക്കുകയും സ്വകാര്യവാഹനങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ച് പെട്രോൾ പമ്പുകളുടെ ജില്ലയിലെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാക്കി കളക്ടർ ഉത്തരവിട്ടു. നഗരസഭാ പരിധിയിൽ ഒരു പെട്രോൾ പമ്പ് 24 മണിക്കൂറും പ്രവർത്തിക്കും.
ഓരോ താലൂക്കിലും നാഷണൽ ഹൈവേയിൽ പ്രവർത്തിക്കുന്ന ഒരു പമ്പ് 24 മണിക്കൂറും പ്രവർത്തിക്കേണ്ടതാണ്. ഏഴുമണിക്ക് അടച്ച പമ്പുകൾ അനിവാര്യമായ സാഹചര്യം ഉണ്ടായാൽ തുറന്ന് ഇന്ധനം നൽകുന്നതിലേക്കായി ഉത്തരവാദിത്വപ്പെട്ട ഒരാളുടെ ഫോൺ നമ്പർ പമ്പുകളിൽ പ്രദർശിപ്പിക്കണം.
പൊതു വിപണിയിൽ റെയ്ഡ്: 29 കേസുകൾ
ജില്ലയിലെ പൊതുവിപണിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും ഇതര വകുപ്പുകളുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 29 കേസുകൾ രജിസ്റ്റർ ചെയ്തു. ചേർത്തലയിൽ ഏഴ് കേസും അമ്പലപ്പുഴയിൽ 11ഉം ചെങ്ങന്നൂരിൽ 5 ഉം കുട്ടനാട് രണ്ടും കാർത്തികപ്പള്ളിയിൽ ഒന്നും മാവേലിക്കരയിൽ മൂന്നും കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 110 കടകളിൽ പരിശോധന നടത്തി.