ആലപ്പുഴ: ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം പൊലീസ് കർശന പരിശോധന സ്വീകരിച്ചു തുടങ്ങിയതോടെ ഇന്നലെ മുൻദിവസങ്ങളെ അപേക്ഷിച്ച് പൊതുനിരത്തുകളിൽ തിരക്ക് കുറഞ്ഞു. സർക്കാർ നിരോധനം ലംഘിച്ചതിനെതിരെ ഇന്നലെ ജില്ലയിൽ 59 കേസുകൾ രജിസ്റ്റർ ചെയ്തു. 24 വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്‌ട്രേഷൻ റദ് ചെയ്യുന്നതിനും, വാഹനം ഓടിച്ചയാളുടെ ലൈസൻസ് 6 മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്യുവാനും നടപടി സ്വീകരിച്ചു.

റോഡരികിൽ യാതൊരു ആവശ്യവുമില്ലാതെ നിന്ന 17 യുവാക്കൾക്ക് എതിരെയും, റോഡരികിൽ കൂട്ടംകൂടി നിന്നതിന് രണ്ട് കേസുകളിലായി 7 പേർക്ക് എതിരേയും, വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് മൂന്ന് പേർക്ക് എതിരെയും, സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തതിന് 13 പേർക്ക് എതിരെയും ഉൾപ്പടെ 59 കേസുകളിലായി 62 പേരെ അറസ്റ്റ് ചെയ്തു. പകർച്ച വ്യാധി തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 2 വർഷം വരെ തടവോ 10000രൂപ പിഴയോ ശിക്ഷ ലഭിക്കുന്ന നിയമങ്ങൾ ഉൾപ്പെടുത്തി ഓർഡിനൻസ് നിലവിൽ വന്നിട്ടുണ്ട്.

ഇന്നലെവരെ രജിസ്റ്റർ ചെയ്ത 198 കേസ്സുകളിൽ പിടിച്ചെടുത്ത 94 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ് ചെയ്യുന്നതിനും 68 പേരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ പുതിയ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുന്നതിനാൽ 10000രൂപ വരെ പിഴ അടക്കേണ്ടി വരും.