ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും സമൂഹ അടുക്കള ആരംഭിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഒരാൾക്ക് പോലും ഭക്ഷണം ലഭിക്കാത്ത സ്ഥിതി ഉണ്ടാകരുതെന്ന് മന്ത്രി പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി.
മന്ത്രി ജി.സുധാകരന്റെ നിർദ്ദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം ചേർന്ന് പ്രവർത്തനം ഏകോപിപ്പിക്കുവാനും തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും വാർഡ് അടിസ്ഥാനത്തിൽ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ആരോഗ്യ വോളണ്ടിയർമാരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം. ഇവർ സൗജന്യ ഭക്ഷണം നൽകേണ്ടവരുടെ കുറ്റമറ്റ ലിസ്റ്റ് തയ്യാറാക്കി ഏൽപ്പിക്കണം. തെരുവിൽ കഴിയുന്നവർക്കും ആരാധനാലയങ്ങളിൽ അന്തിയുറങ്ങുന്നവർക്കും ഭക്ഷണം നൽകുവാൻ പ്രത്യേകം ശ്രദ്ധ വേണം. അലഞ്ഞ് നടക്കുന്ന മൃഗങ്ങൾക്കും ഭക്ഷണം നൽകും.
പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ എല്ലാ ദിവസവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിലയിരുത്തും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ റഹ്മത്ത് ഹാമീദ്, ജി.വേണുലാൽ, അഫ്‌സത്ത്, സുധർമ്മ ഭുവനചന്ദ്രൻ, സുവർണ്ണ പ്രതാപൻ, ബി.ഡി.ഒ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരും പങ്കെടുത്തു.