ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ നേതൃത്വത്തിലുള്ള പൊതിച്ചോറ്, മാസ്ക് വിതരണം ഇന്ന് ആരംഭിക്കും. മാവേലിക്കര, ചാരുംമൂട്, മാന്നാർ ടൗണുകളിൽ തെരുവിൽ കഴിയുന്നവർക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും വേണ്ടി യൂണിയനിലെ ഒൻപത് മേഖലകളുടെ ആഭിമുഖ്യത്തിലാണ് ഭക്ഷണം പാചകം ചെയ്ത് നൽകുന്നത്.
മാന്നാർ, മാവേലിക്കര, കുറത്തികാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിലാണ് വിതരണം. ഭക്ഷണം അതത് സ്റ്റേഷനുകളിൽ എത്തിക്കും. ഭക്ഷണം നൽകാൻ സന്നദ്ധതയുള്ളവർ മുൻകൂട്ടി അറിയിച്ചാൽ വോളണ്ടിയർമാർ എത്തി ശേഖരിച്ച് വിതരണത്തിന് കൈമാറും. മാസ്‌ക്, സാനിട്ടൈസർ, സോപ്പ്, കൈയുറ എന്നിവയും നൽകും. ഇന്ന് ചെന്നിത്തല മേഖല, നാളെ ചെട്ടികുളങ്ങര, ഏപ്രിൽ ഒന്നിന് ഭരണിക്കാവ്, രണ്ട് തെക്കേക്കര, മൂന്ന് വള്ളികുന്നം, നാല് താമരക്കുളം, അഞ്ച് ചുനക്കര, ആറ് തഴക്കര, ഏഴ് മാവേലിക്കര ടൗൺ എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്.
ഭക്ഷണ വിതരണത്തിന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ദയകമാർ ചെന്നിത്തല, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജൻ, ജയകുമാർ പാറപ്പുറം, രാജൻ ഡ്രീംസ്, ബി.സത്യപാൽ, എസ്. അനിൽ രാജ്, രഞ്ജിത് രവി, വന്ദന സുരേഷ്, മഹേഷ് വെട്ടിയാർ, അഭിലാഷ്, അജി പേരാത്തേരിൽ, ഹരിദാസ് ഇരമത്തൂർ, അഡ്വ.അനിൽകുമാർ, ശ്രീജിത്ത്, ലതാ സുരേന്ദ്രൻ എന്നിവർ വിവിധ ദിവസങ്ങളിലായി നേതൃത്വം നൽകും. ശാഖ അതിർത്തികളിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവരുണ്ടെങ്കിൽ അതത് ശാഖ, പോഷക സംഘടന നേതൃത്വത്തിൽ ഭക്ഷണം എത്തിക്കണമെന്ന് അഡ്വ.സിനിൽ മുണ്ടപ്പള്ളി അറിയിച്ചു. പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പ്രവർത്തകർ പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.