ആലപ്പുഴ:കൊറോണ നിയന്ത്റണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചാർജ് ഓഫീസർമാരെ നിയമിച്ച് ജില്ല കളക്ടർ എം. അഞ്ജന ഉത്തരവായി.

പാടശേഖരങ്ങളിലെ നെല്ല് സംഭരണം, ഭക്ഷ്യ പൊതു വിതരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, മത്സ്യ മാംസം പച്ചക്കറി എന്നിവയുടെ വിതരണം, മരുന്നുകളുടെ വിതരണം, ഇവയുടെ സ്​റ്റോക്ക് എന്നിവയുടെ ചാർജ് ഓഫീസറായി ഡെപ്യൂട്ടി കളക്ടർ ജെ. മോബിയെ ചുമതലപ്പെടുത്തി. റവന്യൂ, തദ്ദേശ സ്വയം ഭരണം, മരുന്ന്, പൊതു വിതരണം, ഫിഷറീസ്, കൺസ്യൂമർഫെഡ്, സപ്ലൈകോ, ഡയറി ഡവലപ്‌മെന്റ്, എക്‌സൈസ്, ഹോർട്ടികോർപ്പ്, മോട്ടോർ വെഹിക്കിൾ എന്നീ വകുപ്പുകളെ ഈ സംഘത്തിൽ ഉൾപ്പെടുത്തി.

കെട്ടിടങ്ങളുടെ ലഭ്യത, കൊറോണ കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നവരുടെ യാത്രാ സൗകര്യം, അനുബന്ധ സൗകര്യം എന്നിവയുടെ ചാർജ് ഓഫീസറായി ഡെപ്യൂട്ടി കളക്ടർ എസ്. വിജയനെ ചുമതലപ്പെടുത്തി. പൊലീസ്, റവന്യൂ, അഗ്‌നി ശമന സേന, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് കെട്ടിട ഇലക്ട്രി​ക്കൽ വിഭാഗം, മോട്ടോർ വെഹിക്കിൾ, ആർ.ടി.ഒ. എന്നീ വകുപ്പുകളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മറ്റ് ചുമതലകൾ:

*അതിഥി തൊഴിലാളികൾക്കാവശ്യമായ ഭക്ഷണം, താമസം , ക്യാമ്പുകളിലെ ശുചിത്വം, തൊഴിലാളികളുടെ ആരോഗ്യ നില- ജില്ല ലേബർ ഓഫീസർ വേണുഗോപാൽ.

*പ്രതിരോധ പ്രവർത്തനങ്ങളുടേയും ജീവനക്കാരുടേയും ആവശ്യത്തിലേക്ക് വേണ്ട മുഴുവൻ വാഹനങ്ങളുടെ സജ്ജീകരണം- ഡെപ്യൂട്ടി കളക്ടർ എസ്. സ്വർണ്ണമ്മ.

*എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണി​റ്റി കിച്ചണുകൾ ആരംഭിക്കൽ, നിരീക്ഷണത്തിലുള്ളവർ, അതിഥി തൊഴിലാളികൾ ഉൾപ്പടെ ആവശ്യമായവർക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ- പഞ്ചായത്ത് ഉപ ഡയറക്ടർ പി.എം. ഷെഫീഖ്.

*നഗരസഭകളിൽ കമ്മ്യൂണി​റ്റി കിച്ചണുകൾ ആരംഭിക്കൽ, നിരീക്ഷണത്തിലുള്ളവർ, അതിഥി തൊഴിലാളികൾ ഉൾപ്പടെ ആവശ്യമായവർക്ക് ഭക്ഷണം ഉറപ്പാക്കൽ- അമ്പലപ്പുഴ തഹസിൽദാർ സി. പ്രേംജി.

*തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളിലും സർക്കാർ നിർദ്ദേശപ്രകാരമുള്ള ടീമുകളുടെ രൂപീകരണം, വോളണ്ടിയർ നിയമനം, മ​റ്റ് അനുബന്ധ പ്രവർത്തനങ്ങൾ-ജില്ല പ്ലാനിംഗ് ഓഫീസർ ലതി.

*കൊറോണ നിരീക്ഷണത്തിലുള്ളവരുടെ മാനസികാരോഗ്യ സംരക്ഷണം, നിരോധനാജ്ഞ മൂലം സ്ഥിരം മദ്യപാനികൾക്കുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കാവശ്യമായ നടപടികൾ- തഹസിൽദാർ സുമ.

*മത്സ്യ ബന്ധന മേഖല, ഫിഷിംഗ് ഹാർബർ എന്നിവയിലെ ദൈനംദിന പ്രവർത്തനങ്ങൾ, ഫിഷിംഗ് എക്‌സ്‌പോർട്ട് മേഖലയിലെ പ്രശ്നങ്ങൾ- എ.ഡി.സി. ജനറൽ ഡി. ഷിൻസ്.

*നിരോധനാജ്ഞ സംബന്ധിച്ച നിയന്ത്റണങ്ങൾ, പാസുകൾ, ഇളവുകൾ അനുവദിക്കൽ- ചെങ്ങന്നൂർ ആർ.ഡി.ഒ. ഉഷാകുമാരി.

*ഹോസ്​റ്റലുകൾ, ഓഡി​റ്റോറിയങ്ങൾ എന്നിവയുടെ വിവര ശേഖരണം, ആവശ്യ സജ്ജീകരണം -ഡെപ്യൂട്ടി കളക്ടർ എം.വി. അനിൽകുമാർ.

*ജില്ലയിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരുടേയും

ട്രാൻസ്ജൻഡേഴ്‌സിന്റെയും മാനസികാരോഗ്യ സംരക്ഷണം, ആരോഗ്യ നിരീക്ഷണം -ജില്ല സാമൂഹ്യനീതി ഓഫീസർ സാബു ജോസഫ്.