ആലപ്പുഴ:ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ടർക്ക് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി.

അതിഥി തൊഴിലാളികൾ കൂട്ടംകൂടി സഞ്ചരിക്കുന്നതും കൂട്ടമായി നിവേദനം നൽകുന്നതും ഒഴിവാക്കണം. ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണവും ഏർപ്പെടുത്തണം. അവരുടെ പ്രശ്നങ്ങൾ മുൻഗണനയുള്ള വിഷയമായി എല്ലാ പഞ്ചായത്തുകളും നഗരസഭകളും കാണണം. പഞ്ചായത്തുകളിലും നഗരങ്ങളിലും ഉള്ള തൊഴിലാളികളുടെ പ്രശ്നം അവിടെത്തന്നെ കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ട തഹസിൽദാർമാരെയും വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തണം. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കരാറുകാർക്ക് ഉത്തരവാദിത്വമുണ്ട്. അവരുടെ ഭക്ഷണം, താമസം, ചികിത്സ തുടങ്ങിയ കാര്യങ്ങളെല്ലാം ഉത്തരവാദിത്വത്തോടെ കരാറുകാർ ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം കർശന നിയമനടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തണം.

 കുടിവെള്ളക്ഷാമം

ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത കുടിവെള്ള പ്രശ്നമുള്ളതായി റിപ്പോർട്ടുണ്ട്. സർക്കാർ മുൻകൈയെടുത്ത് ശുദ്ധജലം വിതരണം ചെയ്യുന്നതിൽ റവന്യു വിഭാഗം പ്രത്യേക ശ്രദ്ധ ചെലുത്തണം. കമ്മ്യൂണി​റ്റി കിച്ചണുകൾ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ആരംഭിക്കാൻ കർശന നിർദ്ദേശം നൽകണം. ആരും ഒഴിഞ്ഞുനിൽക്കാൻ പാടില്ല. വിശക്കുന്ന ഒരാൾ പോലും നാട്ടിൽ ഉണ്ടാകാൻ പാടില്ല. ഇതിന്റെ സാമ്പത്തിക സംവിധാനത്തെ പ​റ്റി വ്യക്തമായ നിർദേശം നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തണം.

പോലീസ് സംവിധാനം എല്ലായിടത്തും വിന്യസിക്കുന്നു എന്ന് കളക്ടറും ജില്ല പോലീസ് മേധാവിയും ഉറപ്പാക്കണം. ജില്ലയിലെ ഓരോ വാർഡിലും അവിടുത്തെ പഞ്ചായത്ത് അംഗം അല്ലെങ്കിൽ മുൻസിപ്പൽ കൗൺസിലർ കൺവീനറായി ഒരു സമിതി വേണം. അതിൽ കുടുംബശ്രീയുടെയും ആരോഗ്യ പ്രവർത്തകരുടെയും ഒരു പ്രതിനിധിയെ ഉൾപ്പെടുത്തണം. ക്വാറന്റൈനിൽ ഉള്ളവർ അത് പാലിക്കുന്നുവെന്നും ഭക്ഷണത്തിനു പ്രയാസമുള്ളവർക്ക് ലഭിക്കുന്നുവെന്നും ഉറപ്പാക്കേണ്ടത് ഈ കമ്മി​റ്റിയുടെ ചുമതലയാണ്. ഇക്കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടാകരുത്. കളക്ടറുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് നടക്കുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.